കോട്ടയം : ഗോവയില്‍ പുതുവത്സരാഘോഷത്തിന് പോയ പത്തൊന്പതുകാരന്റെ മരണകാരണം നെഞ്ചിലും പുറത്തുമേറ്റ മര്‍ദനമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വെള്ളത്തില്‍ വീഴുന്നതിന് മുമ്പ് തന്നെ മര്‍ദനമേറ്റിരുന്നെന്ന കുടുബത്തിന്റെ ആരോപണം സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സ്റ്റേജില്‍ കയറി നൃത്തം ചെയ്തതാണ് മര്‍ദനത്തിന് പ്രകോപനമായതെന്നും സുരക്ഷാ ജീവനക്കാര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം കടലില്‍ തള്ളുകയായിരുന്നു എന്നും കുടുംബം ആരോപിക്കുന്നു.
ഗോവയില്‍ പുതുവത്സര ആഘോഷത്തിനിടെ കാണാതായ വൈക്കം സ്വദേശി സഞ്ജയ് സന്തോഷിന്റെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. ഡിസംബറില്‍ 31 ന് വകത്തൂര്‍ ബീച്ചിലെ ഡാന്‍സ് പാര്‍ട്ടിക്കിടെയാണ് സഞ്ജയിനെ കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം ഡിസംബര്‍ 30 നാണ് പുതുവത്സരം ആഘോഷിക്കാന്‍ സഞ്ജയ് ഗോവക്ക് പോയത്.
പുതുവര്‍ഷ പാര്‍ട്ടി കഴിഞ്ഞതിന് ശേഷം സഞ്ജയിയെ കാണാതായെന്നാണ് കൂട്ടുകാര്‍ പറയുന്നത്. സഞ്ജയെ കാണാതായ വിവരം ജനുവരി ഒന്നിന് തന്നെ ഗോവ പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ കാര്യമായി അന്വേഷിച്ചില്ലെന്ന് കൂട്ടുകാര്‍ പറഞ്ഞു. ഗോവയിലെ മലയാളി സംഘടനകളെ അറിയിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കുടുംബം തലയോലപറമ്പ് പൊലീസിലും പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് ഇന്നലെ മൃതദേഹം ലഭിച്ചത്.