കേപ്ടൗണ്‍ : ആദ്യ ടെസ്റ്റിലെ തോല്‍വി രണ്ടാമത്തെ ടെസ്റ്റിലൂടെ മറികടന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ സമനില പിടിച്ച് ഇന്ത്യ. രണ്ടാം ഇന്നിംഗ്സില്‍ 79 റണ്‍സ് എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അനായാസം സ്കോർ മറികടക്കുകയായിരുന്നു.
രോഹിത് ശര്‍മ്മയും യശ്വസി ജയ്സ്വാളും മികച്ച തുടക്കമാണ് നല്‍കിയത്. ജയ്സ്വാള്‍ ആക്രമിച്ചാണ് കളിച്ചത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ജയ്സ്വാളിന് പിന്തുണ നല്കുന്ന റോളാണ് രോഹിത് കൈകാര്യം ചെയ്തത്. 23 പന്തില്‍ 28 റൺസ് നേടിയ ജയ്സ്വാള്‍ പുറത്തായതിന് പിന്നാലെ പത്തുറൺസുമായി ഗില്ലും 12 റൺസുമായി കോഹ് ലിയും കൂടാരം കയറി. എന്നാൽ രോഹിത് ഒരു വശത്ത് വിക്കറ്റ് കാത്ത് ടീമിനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു.
നേരത്തെ രണ്ടാം ഇന്നിംഗ്സില്‍ ബുമ്രയുടെ തീപ്പൊരി ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്ക്കാന് കഴിയാതെ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റുകള്‍ ഓരോന്നായി കൊഴിഞ്ഞുവീഴുന്നതാണ് കണ്ടത്. ആറു വിക്കറ്റ് നേട്ടവുമായി ബുമ്ര കൊടുങ്കാറ്റ് ഉയര്‍ത്തിയപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 176 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിംഗ്സിലെ 98 റണ്‍സ് ലീഡിന്റെ പിന്‍ബലത്തില്‍ 79 റണ്‍സ് എന്ന കുറഞ്ഞ ലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്ക് മുന്നില്‍ വച്ചത്.
രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയ മാര്‍ക്രം മാത്രമാണ് ഒരു വശത്ത് പൊരുതിയത്. മറുവശത്ത് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴുന്നതാണ് കണ്ടത്.103 പന്തില്‍ 106 റണ്‍സ് നേടിയ മാര്‍ക്രം ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. ആദ്യ ഇന്നിംഗ്സില്‍ സിറാജ് ആണ് കൊടുങ്കാറ്റ് ആയതെങ്കില്‍ രണ്ടാം ഇന്നിംഗ്സില്‍ ബുമ്രയുടെ പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്ക്കാന് കഴിയാതെ മുന്‍നിര താരങ്ങള്‍ കീഴടങ്ങുന്ന കാഴ്ചയാണ് കണ്ടത്.
വിരമിക്കല്‍ പ്രഖ്യാപിച്ച ഡീന്‍ എല്‍ഗറിന്റെ അവസാന ഇന്നിംഗ്സില്‍ സ്വന്തം പേരിലേക്ക് 12 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് ചേര്‍ക്കാന്‍ കഴിഞ്ഞത്. തുടക്കത്തില്‍ മുകേഷ് കുമാറാണ് വിക്കറ്റുകള്‍ നേടി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ബുമ്ര ഇത് ഏറ്റെടുക്കുകയായിരുന്നു. ആറുവിക്കറ്റ് നേട്ടമാണ് ബുമ്ര സ്വന്തം പേരിലേക്ക് ചേര്‍ത്തത്. ബുമ്രയുടെ ബൗളിങ്ങിന് മുന്നില്‍ ആര്‍ക്കും പിടിച്ചുനില്ക്കാന് സാധിച്ചില്ല
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് 55 റണ്‍സിന് അവസാനിച്ചു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് കാര്യമായ സ്കോര്‍ കണ്ടെത്താന്‍ സാധിച്ചില്ല. 153 റണ്‍സിന് പുറത്തായി. വിരാട് കോഹ് ലി, രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് മാത്രമാണ് ഇരട്ടയക്കത്തില്‍ എത്താന്‍ സാധിച്ചത്. ആദ്യ ദിനത്തില്‍ 23 വിക്കറ്റുകള്‍ വീണ് ബൗളര്‍മാരുടെ പറുദീസയായാണ് കേപ്ടൗണ്‍ പിച്ച് മാറിയത്.