ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃയോഗം വ്യാഴാഴ്ച ഡല്‍ഹിയില്‍ ചേരും. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്രയും ലോക്സഭ തെരഞ്ഞെടുപ്പും ചര്‍ച്ചയാകും.ഇന്ത്യ സഖ്യത്തിന്റെ അടുത്ത യോഗത്തില്‍ എടുക്കേണ്ട നിലപാടുകളും ചര്‍ച്ചയാകും. ഇന്ത്യ സഖ്യമില്ലാത്ത കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ എടുക്കേണ്ട നിലപാടും ചര്‍ച്ചയായേക്കും.
യോഗത്തില്‍ ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അധ്യക്ഷന്മാര്, നിയമസഭ കക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധിയുടെ “ഭാരത് ജോഡോ യാത്ര’യുടെ രണ്ടാം ഘട്ടമായ “ഭാരത് ന്യായ് യാത്ര’ ഈ മാസം 14 ന് ആണ് ആരംഭിക്കുന്നത്. യാത്ര മണിപ്പുരില്‍ നിന്നും ആരംഭിച്ച് 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ കടന്ന് 6,200 കിലോമീറ്റര്‍ ദൂരം താണ്ടി മാര്‍ച്ച് 20 ന് മുംബൈയില്‍ സമാപിക്കും.14 ന് ഇംഫാലില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ യാത്ര ഉദ്ഘാടനം ചെയ്യും.