കൊച്ചി: തനിക്ക് ലഭിക്കേണ്ട വിധവാ പെൻഷൻ മുടങ്ങിയതിനെ ചോദ്യം ചെയ്ത് അടിമാലി സ്വദേശിനി മറിയക്കുട്ടി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പെൻഷൻ നൽകാതിരുന്നത് എന്തുകൊണ്ടാണെന്ന് എന്ന ചോദ്യത്തിന് മറുപടി വേണമെന്ന് സിംഗിൾ ബെഞ്ച് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ സംഭവം വിവാദമായതോടെ കേന്ദ്ര വിഹിതം ലഭിച്ചില്ലെന്നായിരുന്നു സംസ്ഥാന സർക്കാർ ആദ്യം പ്രതികരിച്ചത്. ഇതോടെ കേന്ദ്ര വിഹിതം ലഭിച്ചില്ലെന്ന സംസ്ഥാന സർക്കാർ ആരോപണത്തിന് കേന്ദ്ര സർക്കാരും മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു.മറിയക്കുട്ടിയുടെ ഹര്‍ജി കഴിഞ്ഞ പ്രാവശ്യം പരിഗണിച്ചപ്പോള്‍ പെൻഷൻ കൊടുക്കാത്ത സർക്കാർ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഹർജി രാഷ്ടീയ പ്രേരിതമെന്ന സർക്കാർ നിലപാടിലും കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
കോടതിയുടെ ഭാഗത്ത് നിന്നും കടുത്ത വിമർശനം വന്നതോടെ ഹർജി രാഷ്ട്രീയ പ്രേരിതമെന്ന നിലപാട് സർക്കാർ പിൻവലിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തൃശൂരിൽ ബിജെപി നടത്തിയ സ്ത്രീശക്തി മോദിക്കൊപ്പം മഹിളാ സമ്മേളനത്തിൽ മറിയക്കുട്ടി പങ്കെടുത്തിരുന്നു.ആരുടേയും ചെലവിലല്ല താൻ കഴിയുന്നതെന്നും ഒരു പാർട്ടിയുടേയും പൈസ താൻ വാങ്ങിയിട്ടില്ലെന്നും പറഞ്ഞ മറിയക്കുട്ടി ബിജെപി സമ്മേളനത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച വിമർശനങ്ങളേയും തള്ളി.
കോവിഡ് കാലത്ത് കേന്ദ്ര സർക്കാരിൽ നിന്നും അഞ്ച് കിലോ അരി വീതം ലഭിച്ചെന്നും അതിപ്പോഴും കിട്ടുന്നുണ്ടെന്നും വ്യക്തമാക്കി. വൃത്തികേട് കാണിക്കുന്നത് കണ്ടാൽ പറയുമെന്നും അത് തന്റെ സ്വഭാവമാണെന്നും മറിയക്കുട്ടി ചൂണ്ടിക്കാട്ടി.