ന്യൂഡൽഹി: തൊഴിലുറപ്പ് വേതനം ആധാർ അധിഷ്ഠിത സംവിധാനത്തിലൂടെയാക്കിയ (എബിപിഎസ്) കേന്ദ്രസർക്കാർ തീരുമാനം പുതുവർഷത്തിൽ നിലവിൽവന്നു. തൊഴിലാളിവിരുദ്ധമെന്ന വിമർശത്തെ തുടർന്ന് അഞ്ചുതവണ നീട്ടിവച്ച, ഗ്രാമവികസന മന്ത്രാലയത്തിന്റെ ഉത്തരവാണ് പ്രാബല്യത്തിലായത്. തൊഴിലാളിയുടെ പന്ത്രണ്ടക്ക ആധാർ നമ്പരാണ് സാമ്പത്തിക വിലാസമായി ഉപയോഗിക്കുക. വേതനം ലഭിക്കണമെങ്കിൽ ആധാർ വിവരം തൊഴിൽ കാർഡിൽ സീഡ് ചെയ്യുകയും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും ചെയ്യണം. നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻസിപിഐ) ആധാർ മാപ്പ് ചെയ്യുകയും വേണം.
കഴിഞ്ഞ ഡിസംബർ 27വരെയുള്ള കണക്കനുസരിച്ച് തൊഴിൽ കാർഡുള്ളവരിൽ 34.8 ശതമാനം പേർ എബിപിഎസിന് പുറത്താണെന്ന് ഗ്രാമവികസന മന്ത്രാലയംതന്നെ വ്യക്തമാക്കുന്നു. മൂന്ന് സാമ്പത്തിക വർഷങ്ങളിൽ കുറഞ്ഞത് ഒരു ദിവസമെങ്കിലും ജോലി ചെയ്ത സജീവ തൊഴിലാളികളിൽ 12.7 ശതമാനം പേരും പദ്ധതിയിൽനിന്ന് പുറത്താകും. രജിസ്റ്റർ ചെയ്ത 25.25 കോടി തൊഴിലാളികളിൽ 14.35 കോടിയും സജീവ തൊഴിലാളികളാണ്. അതിനിടെ, നൂറുശതമാനം എബിപിഎസ് സംവിധാനം നടപ്പാക്കണമെന്ന കേന്ദ്രസർക്കാരിന്റെ സമ്മർദത്തെ തുടർന്ന് ആധാറുമായി ബന്ധിപ്പിക്കാത്ത കോടിക്കണക്കിന് തൊഴിൽ കാർഡുകൾ സംസ്ഥാന സർക്കാരുകൾ റദ്ദാക്കിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വിവരങ്ങളിലെ പൊരുത്തക്കേട്, തൊഴിൽ സന്നദ്ധതയില്ല തുടങ്ങിയവയാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
അക്കാദമിക വിദഗ്ധരുടെയും ആക്ടിവിസ്റ്റുകളുടെയും കൂട്ടായ്മയായ ലിബ്ടെക് ഇന്ത്യയുടെ കണക്കനുസരിച്ച് 21 മാസത്തിനുള്ളിൽ 7.6 കോടി തൊഴിലാളികൾ പദ്ധതിക്ക് പുറത്താക്കി. തൊഴിൽ അവകാശമാക്കി പാർലമെന്റ് പാസാക്കിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഫണ്ട് നൽകാതെ എൻഡിഎ സർക്കാർ ഘട്ടംഘട്ടമായി തകർക്കുന്നതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണിത്. ആകെയുള്ള തൊഴിലാളികളിൽ മൂന്നിലൊന്നും എബിപിഎസ് സംവിധാനത്തിന് പുറത്താണ്.