തൊടുപുഴ: രാവും പകലും കഷ്ടപ്പെട്ട്, അരുമകളായി വളർത്തിയെടുത്ത 13 പശുക്കൾ ചത്തുവീണതിന്റെ സങ്കടത്തിൽ കഴിയുന്ന തൊടുപുഴ വെള്ളിയാമറ്റം സ്വദേശി മാത്യു എന്ന കുട്ടികർഷകന് ആശ്വാസവുമായി അബ്രാഹം ഓസ്ലർ സിനിമയുടെ അണിയറപ്രവർത്തകർ. നാലിനു നടത്താനിരുന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിംഗ് പരിപാടി വേണ്ടെന്നുവച്ച് അതിനായി മാറ്റിവച്ച അഞ്ചുലക്ഷം രൂപയാണ് മാത്യുവിനും കുടുംബത്തിനും കൈമാറുക.
നടൻ ജയറാം ഇന്ന് തൊടുപുഴയിലെ വീട്ടിലെത്തി തുക നൽകും. ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാം ഓസ്ലര്. ജനുവരി 11ന് ചിത്രം റിലീസ് ചെയ്യും.ഞായറാഴച രാത്രി എട്ടരയോടൊണ് കന്നുകാലികൾക്ക് കപ്പയുടെ തൊലി തീറ്റയായി നൽകിയത്. അരമണിക്കൂറിനുള്ളിൽ പശുക്കൾ തൊഴുത്തിൽ തളർന്നുവീഴാൻ തുടങ്ങിയിരുന്നു. തുടർന്ന് അഴിച്ചുവിട്ട പശുക്കൾ സമീപത്തെ റബർ മരങ്ങളുടെ ചുവട്ടിലും തോട്ടിലും ബാക്കിയുള്ളവ തൊഴുത്തിലുമായി ചത്തുവീഴുകയായിരുന്നു. 13 പശുക്കളാണ് ചത്തത്. രണ്ടു പശുക്കൾ ഗുരുതരാവസ്ഥയിലുമാണ്.
ഓമനിച്ചു വളർത്തിയ കന്നുകാലികൾ ചത്തുവീഴുന്നത് കണ്ട് മാത്യുവും തളർന്നുവീണിരുന്നു. മൂലമറ്റത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാത്യു തിങ്കളാഴ്ച വീട്ടിലെത്തി.ഇരുപത് വര്‍ഷത്തോളമായി പശുക്കളെ വളര്‍ത്തുന്ന ആളാണ് താനെന്ന് ജയറാം പറഞ്ഞു. അതിന്റെ ബുദ്ധിമുട്ടും അതിലൂടെ ലഭിക്കുന്ന സന്തോഷവും തനിക്കറിയാം. ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളിലൊക്കെ ഫാമിലാണ് സമയം ചെലവഴിക്കുക.രണ്ടുതവണ ക്ഷീരകര്‍ഷകനുള്ള സര്‍ക്കാരിന്റെ പുരസ്കാരവും എനിക്ക് ലഭിച്ചിരുന്നു. ഈ കുട്ടികള്‍ക്കുണ്ടായ സമാനമായ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ഈ കുട്ടികളുടെ വിഷമം മനസിലാകും. ഇവരെ ഒന്ന് നേരിട്ടുകാണാന്‍ വേണ്ടി മാത്രമാണ് പോകുന്നത്. ജയറാം പറഞ്ഞു.