കൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ പ്രവർത്തകരെ ജാമ്യത്തിൽ വിടാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ സമരം അവസാനിച്ചു. പ്രവർത്തകരെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി ജാമ്യം ലഭിച്ചതോടെയാണ് കോൺഗ്രസ് സമരം അവസാനിപ്പിച്ചത്. രാത്രി 7.30 ന് തുടങ്ങിയ പ്രതിഷേധം വെളുപ്പിനെ 2 മണി വരെ നീണ്ടു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ഉമാ തോമസ്, ഡി.ജെ വിനോദ്, അൻവർ സാദത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. നൂറുകണക്കിന് പ്രവർത്തകർ റോഡ് ഉപരോധിക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കുകയും ചെയ്തു.പ്രവർത്തകരെ വിട്ടു കിട്ടാതെ സമരം അവസാനിപ്പിക്കില്ല എന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതോടെയാണ് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അർധരാത്രി മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കാൻ പൊലീസ് തീരുമാനിച്ചത്. ജാമ്യം നേടിയ പ്രവർത്തകരെ ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്. പൊലീസിനും സർക്കാരിനും നേരെ രൂക്ഷമായ ഭാഷയിലാണ് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്. ഇന്ന് നടക്കുന്ന നവ കേരള സദസ് ഒടുക്കത്തെ യാത്രയാക്കുമെന്നും യാത്രയ്ക്ക് കോൺഗ്രസ് അന്ത്യകൂദാശ ചെല്ലുമെന്നും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.