കൊച്ചി: സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പര്യടനം പൂർത്തിയാക്കി നവകേരള സദസ് ഇന്ന് സമാപിക്കും. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നെത്തുക. വൈകീട്ട് മൂന്നിനും അഞ്ചിനുമാണ് പൊതുയോഗങ്ങൾ. നവകേരള സദസിനു നേരത്തെ സമാപനമായിരുന്നു. എന്നാൽ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നു മാറ്റിവച്ച എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെ സദസാണ് ഇന്നലെയും ഇന്നുമായി തുടരുന്നത്. പാലാരിവട്ടത്ത് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടു രാത്രി മുഴുവൻ സമരവും പ്രതിഷേധവും അരങ്ങേറിയിരുന്നു.