ഭോപ്പാല്‍ : ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഉജ്ജയിനിലെ ബദ്നഗര്‍ താലൂക്കിലെ ഇന്ഗോറിയയിലാണ് സംഭവം. ആശാ വര്‍ക്കറായ സവിത കുമാരിയാണ് ഭര്‍ത്താവ് രാധേശ്യാം, ഭര്തൃസഹോദരന് ധീരജ് എന്നിവരെ കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കുടുംബത്തിലെ മറ്റുള്ളവരെയും ആക്രമിക്കാന്‍ യുവതി ശ്രമിച്ചതായും ദൃക്സാക്ഷികള്‍ പറഞ്ഞു. കൊലപാതകത്തിന് പിന്നാലെ യുവതി തോക്കുമായി ഇന്ഗോറിയ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രാധേശ്യാം സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ധീരജിനെ കുടുംബാംഗങ്ങള്‍ ഉജ്ജയിന്‍ സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് നിതേഷ് ഭാര്‍ഗവ് പറഞ്ഞു.
ഭൂമിയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളില്‍ കുടുംബ പ്രശ്നം നിലനിന്നിരുന്നതായും പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം തോക്കുമായി ഗ്രാമത്തിലൂടെ നടന്നുനീങ്ങുന്ന യുവതിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.