കൊല്ലം : സുഹൃത്തിന്റെ മുഖത്ത് ചുറ്റികകൊണ്ട് അടിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍, വേങ്ങറ കടത്തു കടയില്‍ വീട്ടില്‍ ശ്രീക്കുട്ടന് (30) ആണ് അറസ്റ്റിലായത്. ക്യാരംസ് കളിക്കുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. പരിക്കേറ്റ തൊടിയൂര്‍ സ്വദേശിയായ ശ്രീനാഥ് ചികിത്സയിലാണ്.
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവമുണ്ടായത്. ശ്രീക്കുട്ടും ശ്രീനാഥും മറ്റ് സുഹൃത്തുക്കൾക്കൊപ്പം മാലുമേല്‍ ക്ഷേത്ര ഗ്രൗണ്ടില്‍ ക്യാരംസ് കളിക്കുകയായിരുന്നു. കളിക്കിടയിൽ ക്യാരംസ് കോയിന് പുറത്തു പോയതിന്റെ പേരിൽ ശ്രീനാഥിനെ ശ്രീക്കുട്ടൻ ചീത്തവിളിച്ചു. തുടർന്ന് ശ്രീനാഥ് കളിനിർത്തി മാറിയിരുന്നു. പിന്നാലെ തന്റെ സ്കൂട്ടറില്‍ ഇരുന്ന ചുറ്റിക എടുത്തുകൊണ്ട് വന്ന് ശ്രീക്കുട്ടൻ മുഖത്ത് അടിക്കുകയായിരുന്നു.
മര്‍ദ്ദനത്തില്‍ ഇയാളുടെ കണ്ണിന് താഴെയുള്ള അസ്ഥിക്ക് പൊട്ടല്‍ സംഭവിച്ചു. ശ്രീനാഥ് കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.