ന്യൂഡൽഹി : കശ്മീരിലെ വിഘടനവാദ സംഘടനയായ തെഹ്രീക് ഇ ഹുറീയത്തിന് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തി. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സംഘടനയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചത്. യുഎപിഎ നിയമപ്രകാരമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.
കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്താനും ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാനും തെഹ്രീക് ഇ ഹുറീയത്ത് ശ്രമിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എക്സിലെ കുറിപ്പിൽ വ്യക്തമാക്കി. ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തിയ സംഘന, ജമ്മുകശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങളും നടത്തിയെന്ന് അമിത് ഷാ ആരോപിച്ചു.
ഏതെങ്കിലും വ്യക്തിയോ സംഘടനയോ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും കേന്ദ്രസർക്കാരിൽ നിന്നും ഉണ്ടാകില്ലെന്നും അമിത് ഷാ വ്യക്തമാക്കി. മുസ്ലിം ലീഗ് ജമ്മുകശ്മീര്‍ (മസ്റത്ത് ആലം വിഭാഗം) എന്ന സംഘടനയെ യുഎപിഎ നിയമപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ നിരോധിച്ചിരുന്നു. പിന്നാലെയാണ് തെഹ്രീക് ഇ ഹുറീയത്തിനും നിരോധനം ഏർപ്പെടുത്തിയത്.