തിരുവനന്തപുരം : പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ആഘോഷത്തിലാണ് എല്ലാവരും. ഇന്ന് രാത്രി മുതല്‍ നേരം വെളുക്കുന്നതുവരെയും റോഡുകളിലും ബീച്ചുകളിലും ഹോട്ടലുകളിലും ഒക്കെ ആഘോഷമാണ്. പുതുവര്‍ഷം ആഘോഷിക്കുന്നവര്‍ക്ക് പ്രത്യേക ഓഫറുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. പുതുവര്‍ഷ രാവില്‍ മദ്യപിച്ച് വാഹനമോടിക്കുകയോ ക്രമസമാധാനം ലംഘിക്കുകയോ ചെയ്താല്‍ കേരള പൊലീസ് പ്രത്യേക ഓഫര്‍ നല്‍കുന്നതാണെന്ന് ഫെയ്സ്ബുക്കിലൂടെ അറിയിച്ച സന്ദേശമാണ് വൈറലായിരിക്കുന്നത്.
നിയമം ലംഘിക്കുന്നവര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ സൗജന്യ പ്രവേശനം, നിയമലംഘകര്‍ക്ക് പ്രത്യേക പരിഗണന എന്നിങ്ങനെയാണ് പോസ്റ്റിലുള്ളത്.
നിങ്ങളുടെ പുതുവര്‍ഷ ആഘോഷത്തില്‍ ഏതെങ്കിലും ക്ഷണിക്കപ്പെടാത്ത അതിഥി വന്നാല്‍ 112 എന്ന നമ്പറില്‍ വിളിച്ച് ഞങ്ങളെ ക്ഷണിക്കാം എന്നും പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന് താഴെ കമന്റുകള്‍ നിറയുകയാണ്. ഈ പൊലീസ് മാമനെക്കൊണ്ട് തോറ്റു എന്നാണ് ഒരാള്‍ കുറിച്ചത്. ഒരു കുടിയനെ കാണിച്ചു കൊടുത്താല്‍ ഒരു സ്മോള്‍ സമ്മാനം കിട്ടുമോ എന്നാണ് മറ്റൊരാള്‍ ചോദിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പുതുവത്സരത്തോടനുബന്ധിച്ച് പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ കര്‍ശന നിയന്ത്രണമാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രാനിയന്ത്രണവും ഉണ്ട്.