തിരുവനന്തപുരം: ബഹിരാകാശത്തു നിന്ന് കരയിലും കടലിലും ഇന്ത്യയുടെ അതിർത്തികൾ നിരീക്ഷിച്ച് വിവരങ്ങൾ തത്ക്ഷണം സൈന്യത്തിന് കൈമാറാൻ 50 ഉപഗ്രഹങ്ങളുടെ ജിയോ ഇന്റലിജൻസ് ശൃംഖല സ്ഥാപിക്കും. അഞ്ചുവർഷത്തിനുള്ളിൽ ഉപഗ്രഹങ്ങളെല്ലാം വിക്ഷേപിക്കും. 29,147കോടി രൂപയാണ് ചെലവ്.
ചെെനയുടെ സൈനിക നീക്കങ്ങളും പാകിസ്ഥാന്റെ നുഴഞ്ഞുകയറ്റവും കടലിലെ സുരക്ഷാ ഭീഷണിയും നേരിടുകയാണ് ലക്ഷ്യം.
ഇന്ത്യയ്ക്ക് ഇപ്പോഴുള്ള 54 ഉപഗ്രഹങ്ങളിൽ 17 എണ്ണം സൈനിക ആവശ്യത്തിനുള്ളതാണ്. ഇവയിൽ നിന്നുള്ള ചിത്രങ്ങളും മറ്റ് വിവരങ്ങളും ഭൂമിയിലെ കേന്ദ്രത്തിലേക്ക് അയയ്ക്കുകയും അവിടെ വിശകലനം ചെയ്ത് ആവശ്യമുള്ളത് സേനയ്ക്ക് നൽകുകയുമാണ്. പുതിയ സംവിധാനത്തിൽ ഡേറ്റ അപഗ്രഥനം ഉപഗ്രഹങ്ങളിൽ തന്നെയാണ്. നിലവിലുള്ളതിന്റെ പത്ത് മടങ്ങ് ശേഷിയുണ്ടാവും.
ലക്ഷ്യങ്ങൾ :- രഹസ്യാന്വേഷണം, ചാരനിരീക്ഷണം, ശത്രുക്കൾക്ക് ചോർത്താനാവാത്ത വാർത്താവിനിമയം, അതിർത്തികളിലെ സൈനിക വിന്യാസവും നിർമ്മാണങ്ങളും കടലിലെ നീക്കങ്ങളും നിരീക്ഷിക്കൽ, വിവരങ്ങൾ കൈമാറൽ, സൈനിക ഏകോപനം.
ഉപഗ്രഹങ്ങൾ ലിയോ മുതൽ ജിയോ വരെ :- ഭൂമിയിൽ നിന്ന് 36,000കിലോമീറ്റർ അകലെയുള്ള ജിയോ (ജിയോസ്റ്റേഷനറി ഇക്വറ്റോറിയൽ ഓർബിറ്റ്) മുതൽ 400 കിലോമീറ്റർ അകലെയുള്ള ലിയോ (ലോവർ എർത്ത് ഓർബിറ്റ്) വരെ ഉപഗ്രങ്ങൾ. ഇവ തമ്മിൽ സ്വയം നിയന്ത്രിത കമ്മ്യൂണിക്കേഷൻ. നിരീക്ഷണത്തിന് ഒപ്റ്റിക്കൽ, സിന്തറ്റിക് അപ്പർച്ചർ, തെർമൽ റഡാറുകൾ. പ്രവർത്തനങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ. ഇന്ത്യയുടെ അതിർത്തിയിലെ ആയിരക്കണക്കിന് കിലോമീറ്റർ പ്രദേശങ്ങൾ വ്യക്തമായി ചിത്രീകരിക്കും.
36,000 കിലോമീറ്ററിലെ ഉപഗ്രഹത്തിന് ദൃശ്യപരിധി കൂടുതലായിരിക്കും. കാശ്മീരിലെയും മറ്റും അതിർത്തികളിലെ നീക്കങ്ങൾ ആദ്യം കാണുക ഇൗ ഉപഗ്രഹമാവും. അത് ഭൂമിയോട് അടുത്തുള്ള ഉപഗ്രഹങ്ങൾക്ക് കൈമാറും. അവ കൂടുതൽ വ്യക്തമായ വിവരങ്ങൾ ശേഖരിച്ച് സ്വയം അപഗ്രഥിച്ച് ഭൂമിയിലെ സൈനിക കേന്ദ്രത്തിന് കൈമാറും. സൈനിക കേന്ദ്രങ്ങളുടെ വാർത്താവിനിമയ ഏകോപനവും ഉപഗ്രഹങ്ങൾ തന്നെ നിർവ്വഹിക്കും. ഇതുമൂലം നൂറുകണക്കിന് ഉപഗ്രഹ ഡാറ്റ വിശകലനം ചെയ്ത് പ്രതികരിക്കാനുള്ള സമയനഷ്ടം ഒഴിവാക്കാനും പെട്ടെന്ന് പ്രതിരോധനീക്കങ്ങൾ നടത്താനുമാകും. ഉപഗ്രഹങ്ങൾ വിന്യസിക്കുന്നതു മുതൽ പ്രവർത്തനം തുടങ്ങും.