അയോധ്യ : അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുമ്പോള്‍ വീടുകളില്‍ രാമജ്യോതി തെളിയിച്ച് ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാമക്ഷേത്ര ഉദ്ഘാടനം ചെയ്യുന്ന ജനുവരി 22ന് തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ അയോധ്യ സന്ദര്‍ശനം ഒഴിവാക്കണമെന്നും 23 മുതല്‍ എല്ലാവര്ക്കും വരാമെന്നും മോദി പറഞ്ഞു.
അയോധ്യ നഗരത്തില്‍ നവീകരിച്ച റെയില്‍വേ സ്റ്റേഷനും വിമാനത്താവളവും ഉദ്ഘാടനം ചെയ്ത ശേഷം പൊതുയോഗത്തില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാജ്യത്തിന്റെ വികസനയാത്രക്ക് അയോധ്യ ഊര്‍ജം നല്‍കുമെന്നും വികസനവും പാരമ്പര്യവും ഇന്ത്യയെ മുന്നോട്ടുനയിക്കുമെന്നും മോദി പറഞ്ഞു.
ജനുവരി 22 അയോധ്യ പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി എല്ലാ പൗരന്മാരും അവരുടെ വീടുകളില്‍ രാമജ്യോതി തെളിയിക്കണം. ജനുവരി 14 മുതല്‍ ജനുവരി 22 വരെ രാജ്യത്തെ എല്ലാ തീര്‍ഥാടന കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും ശുചീകരണ യജ്ഞം നടത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഡിസംബര്‍ മുപ്പത് ചരിത്രത്തിന്റെ ഭാഗമായ ദിവസമാണ്. അയോധ്യയില്‍ ആരംഭിക്കുന്നത് യുപിയുടെയും രാജ്യത്തിന്റെയും കുതിപ്പിന്റെ തുടക്കമാണെന്ന് മോദി പറഞ്ഞു.
അഞ്ച് പതിറ്റാണ്ടിനിടെ 14 കോടി ഗ്യാസ് കണക്ഷനുകള്‍ മാത്രമാണ് നല്‍കിയതെന്നും എന്നാല്‍ പത്തുവര്‍ഷത്തിനിടെ തന്റെ സര്‍ക്കാര്‍ 10 കോടി ഗ്യാസ് കണക്ഷനുകള്‍ സൗജന്യമായി നല്‍കിയതായും മോദി പറഞ്ഞു.