ന്യൂഡൽഹി: രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി മോദി ഇന്ന് അയോധ്യ സന്ദർശിക്കും. അയോധ്യാ ധാം റെയിൽവെ സ്റ്റേഷനും
മഹർഷി വാൽമീകി അന്താരാഷട്ര വിമാനത്താവളവും അദ്ദേഹം ഇന്ന് ഉദ്ഘാടനം ചെയ്യും. തുടർന്ന് 15,700 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിൽ അയോധ്യ മുഖ്യ പ്രചാരണ വിഷയമാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്നത്തെ സന്ദർശനം.
ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠ ചടങ്ങുകൾ നടക്കുന്നത്. ഇന്ന് രാവിലെ 11.15 ന് 240 കോടി ചിലവഴിച്ച് പുതുക്കിയ അയോധ്യാ ധാം റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം നടക്കും. ക്ഷേത്ര നിർമ്മിതിയോട് സാമ്യമുള്ളതാണ് അടുത്തിടെ പേര് പുതുക്കിയ സ്റ്റേഷന്റെ നിർമ്മാണം. 12.15ന് 1450 കോടി ചിലവിട്ട് വികസിപ്പിച്ച വിമാനത്താവളം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒരു മണിയോടെ 16 കിലോമീറ്റർ നീളുന്ന മോദിയുടെ റോഡ് ഷോയും ഉണ്ടാകും. തുടർന്ന് നടക്കുന്ന പൊതു പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് അയോധ്യ നഗരം മുഴുവൻ അണിഞ്ഞൊരുങ്ങി. നിരോധിത ഖലിസ്ഥാൻ സംഘടനാ നേതാവ് ഗുർപത്വന്ത് സിംഗ് പന്നു മോദിയെ റോഡ്ഷോക്കിടെ ആക്രമിക്കണമെന്ന് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അയോധ്യയിൽ വിവിധ സേനാ വിഭാഗങ്ങളെയടക്കം വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.