ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ആദ്യ റൗണ്ട് സീറ്റ് ചർച്ച ഇന്ന് അവസാനിക്കും . പ്രവർത്തക സമിതി അംഗം മുകൾവാസ്നിക് അധ്യക്ഷനായ സമിതിയാണ് ചർച്ച നടത്തുന്നത്. റിപ്പോർട്ട് ഇന്ന് വൈകിട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന്‍ ഖാർഗെയ്ക്ക് സമർപ്പിക്കും.
ഇന്‍ഡ്യ മുന്നണിയിലെ പാർട്ടികളുമായി പങ്കിടേണ്ട സീറ്റുകളെക്കുറിച്ചുള്ള ഉൾപാർട്ടി ചർച്ചകളുടെ അവസാന ദിവസമാണിന്ന് . ഇൻഡ്യാ മുന്നണിയിലെ പാർട്ടികൾ പരസ്പര സഹകരണത്തോടെ മത്സരിക്കേണ്ട സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കളാണ്, ചർച്ചയിൽ പങ്കെടുത്തു വരുന്നത് . പി.സി.സി അധ്യക്ഷന്മാർ,പാർലമെന്ററി നേതാക്കൾ, സംസ്ഥാന സംഘടനാ ചുമതലയുള്ള പ്രവർത്തക സമിതി അംഗങ്ങൾ എന്നിവരെ ഡൽഹിയിലേക്ക് വിളിച്ചു വരുത്തിയാണ് ചർച്ച . തലസ്ഥാനത്ത് എത്താൻ കഴിയാത്ത നേതാക്കളിൽ നിന്നും വീഡിയോ കോൺഫറൻസ് വഴി അഭിപ്രായം തേടി. ഓരോ സംസ്ഥാനത്തും കോൺഗ്രസിന്റെ ഉറച്ച സീറ്റുകൾ , സഖ്യ കക്ഷികൾക്ക് കൊടുക്കാവുന്ന സീറ്റുകൾ എന്നിവ പ്രത്യേകം പട്ടികയാക്കി ഇന്ന് സമർപ്പിക്കും.
കോൺഗ്രസ് സീറ്റുകൾ പങ്ക് വയ്ക്കുന്നു എന്ന വാർത്ത അറിഞ്ഞതോടെ ഇന്‍ഡ്യ മുന്നണിയിലെ പാർട്ടികൾ നിലപാട് കടുപ്പിച്ചിട്ടുണ്ട് . ബംഗാളിൽ കോൺഗ്രസിന് രണ്ട് സീറ്റ് നൽകി ബാക്കി മുഴുവൻ സീറ്റിലും മത്സരിക്കാനാണ് ടിഎംസി യുടെ ഉദ്ദേശം . മഹാരഷ്ട്രയിൽ 23 സീറ്റുകൾ തങ്ങൾക്ക് വേണമെന്ന് ഉദ്ദവ് താക്കറെ നയിക്കുന്ന ശിവസേന ആവശ്യപ്പെട്ട് കഴിഞ്ഞു . ഇത്തരം സമ്മർദങ്ങൾ കൂടി അതിജീവിച്ചാണ് ഡൽഹിയിൽ മുകുൾ വാസ്നിക് സമിതി ചർച്ച തുടരുന്നത്. പരമാവധി ക്ഷമിക്കേണ്ടത് കോൺഗ്രസ് ആണെന്ന് അവർക്കു നല്ല ധാരണയുണ്ട് . തുറന്ന ഹൃദയത്തോടെ പ്രതിപക്ഷ പാർട്ടികളോട് ചർച്ച നടത്തുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറയുന്നു