തിരുവനന്തപുരം: തൃശൂര്‍ പൂരം എക്സിബിഷന് ഗ്രൗണ്ടിന് തറവാടക ഉയര്‍ത്തിയ വിഷയം രാഷ്ട്രീയപ്പോരിലേക്ക് നീങ്ങുന്നതിനിടെ പ്രതിസന്ധി പരിഹരിക്കാൻ യോഗം വിളിച്ച് മുഖ്യമന്ത്രി. ഇന്നു വൈകുന്നേരം 7.30ന് ഓൺലൈനായാണ് യോഗംചേരുക. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ പങ്കെടുക്കും.
തൃശൂർപൂരവുമായി ബന്ധപ്പെട്ട ആശങ്കകൾ രാഷ്ട്രീയവിഷയമായി മാറിക്കഴിഞ്ഞു. പ്രതിപക്ഷം ഇത് സർക്കാരിനെതിരേ ആയുധമാക്കി മാറ്റുന്നുണ്ട്. ചൊവ്വാഴ്ച കൊച്ചിന് ദേവസ്വം ബോര്‍ഡ് ഓഫീസിന് മുന്നില്‍ പ്രതിഷേധ പകല്‍പ്പൂരം ഒരുക്കുമെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപനം.പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തദിവസം തൃശൂരിൽ വരുന്ന സാഹചര്യത്തിൽ ഈ വിഷയം സംസ്ഥാന സർക്കാരിനെതിരേ ബിജെപിയും ഉപയോഗിക്കുന്നുണ്ട്. പിന്നാലെ പ്രധാനമന്ത്രിക്ക് മുന്നില്‍ പ്രതിസന്ധി അവതരിപ്പിക്കാന്‍ പൂരം സംഘാടകരായ ദേവസ്വങ്ങള്‍ നീക്കം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ രാഷ്ട്രീയ പ്രതിസന്ധി മറികടക്കുക കൂടി ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി യോഗം വിളിച്ചുചേർത്തത്. കഴിഞ്ഞ വർഷം 39 ലക്ഷം രൂപ ഈടാക്കിയ തറവാടക ഇത്തവണ 2.20 കോടിയായി കൊച്ചിൻ ദേവസ്വം ബോർഡ് കുത്തനെ കൂട്ടിയതോടെയാണ് പ്രതിസന്ധിയുണ്ടായത്. മന്ത്രിമാരായ കെ.രാജനും കെ.രാധാകൃഷ്ണനും ദേവസ്വം ബോർഡ് പ്രതിനിധികളുമായും ദേവസ്വം ഭാരവാഹികളുമായും ചർച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായില്ല.