തിരുവനന്തപുരം : സംസ്ഥാനത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരം ജനറല്‍ ആശുപത്രി ജങ്ഷനിലായിരുന്നു പ്രതിഷേധം. സംഭവത്തില്‍ നാലുപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആരിഫ് മുഹമ്മദ് ഖാന് ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളിച്ചാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രാജ്ഭവനിലേക്ക് ഗവര്‍ണര്‍ പോകും വഴിയാണ് പ്രതിഷേധമുണ്ടായത്.
വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിച്ച ഗവര്‍ണര്‍ എസ്എഫ്ഐ പ്രതിഷേധം തുടര്‍ന്നാല്‍ താന്‍ വാഹനത്തില്‍ നിന്ന് ഇനിയും പുറത്തിറങ്ങുമെന്നടക്കം പറഞ്ഞിരുന്നു. നേരത്തെ തനിക്കുനേരെ നടന്ന പ്രതിഷേധത്തിലും വാഹനം തടയാന്‍ ശ്രമിച്ചതിനും നടപടിയെടുത്തിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. തനിക്കെതിരെ പ്രതിഷേധത്തിന് നേതൃത്വം നല്കിയ എസ്എഫ്ഐ നേതാവിനെതിരെ 48 കേസുകളുണ്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായിട്ടാണ് ഗവര്‍ണര്‍ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. വെള്ളിയാഴ്ച വൈകീട്ടാണ് സത്യപ്രതിജ്ഞ ചടങ്ങ്. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ സത്യപ്രതിജ്ഞ ചടങ്ങ് മഞ്ഞുരുകലിന് വേദിയാകുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് വീണ്ടും എസ്എഫ്ഐയുടെ പ്രതിഷേധമുണ്ടായിരിക്കുന്നത്. ഡിസംബര്‍ 21ന് ഗവര്‍ണര്‍ രാജ്ഭവനില്‍നിന്ന് വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയും എസ്.എഫ്.ഐക്കാര്‍ കരിങ്കൊടി കാണിച്ച് മുദ്രാവാക്യം വിളിച്ചിരുന്നു.