ജമ്മു : തെറ്റുകള്‍ വരുത്തരുതെന്നും അത് രാജ്യത്തെ ജനങ്ങളെ വേദനിപ്പിക്കുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈന്യം കസ്റ്റഡിയിലെടുത്ത മൂന്നു യുവാക്കള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച പശ്ചാത്തലത്തിലാണ് പ്രതിരോധ മന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞദിവസം പൂഞ്ചിലെ സുരന്‍കോട്ട് പൊലീസ് സ്റ്റേഷന് പരിധിയില്‍ ധത്യാര്‍ മോറില്‍ ആയുധധാരികളായ നാല് ഭീകരര്‍ രണ്ട് സൈനിക വാഹനങ്ങള്‍ ആക്രമിച്ചിരുന്നു. അഞ്ച് സൈനികര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നാലെ സൈന്യം ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത യുവാക്കളാണ് കൊല്ലപ്പെട്ടത്.
സംഭവത്തിന് പിന്നാലെ ജമ്മുവിലെത്തിയ മന്ത്രി സുരക്ഷ സാഹചര്യങ്ങള്‍ വിലയിരുത്തി. പുലര്‍ച്ചെയോടെ ജമ്മുവിലെത്തിയ രാജ്നാഥ് സിങ പിന്നീട് രജൗരിയിലേക്ക് പോയി. അവിടെ പ്രദേശവാസികളുമായും മരിച്ചവരുടെ കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി.
‘നിങ്ങള്‍ രാജ്യത്തിന്റെ സംരക്ഷകരാണ്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ജനങ്ങളുടെ ഹൃദയം കീഴടക്കാനുള്ള ഉത്തരവാദിത്തവും നിങ്ങള്‍ക്കുണ്ടെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യക്കാരനെ വേദനിപ്പിക്കുന്ന ഒരു തെറ്റും വരുത്തരുത്’ -രാജ്നാഥ് സിങ് ജമ്മുവില്‍ മാധ്യമങ്ങളോട് പറഞ്ഞു.
”നമ്മള് യുദ്ധങ്ങള്‍ ജയിക്കണം. തീവ്രവാദികളെ ഇല്ലാതാക്കണം, എന്നാല്‍ ഹൃദയങ്ങളും കീഴടക്കേണ്ടതുണ്ട്. ഇതിനായി നിങ്ങള്‍ പരമാവധി ശ്രമിക്കുമെന്ന് എനിക്കറിയാം” അദ്ദേഹം പറഞ്ഞു. ഓരോ സൈനികനും ഒരു കുടുംബാംഗത്തെപ്പോലെയാണെന്നും ഓരോ ഇന്ത്യക്കാരനും ഇങ്ങനെയാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.