തിരുവനന്തപുരം : നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി വേണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി). മുഖ്യമന്ത്രിയോട് ഇക്കാര്യം കേരള കോണ്‍ഗ്രസ് (ബി) ആവശ്യപ്പെട്ടു. ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാന്‍ തയ്യാറാണെന്നും ഗണേഷ് കുമാര്‍ മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ അറിയിച്ചു.
ഗതാഗതവകുപ്പാണ് ലഭിക്കുന്നതെങ്കില്‍ മെച്ചപ്പെടുത്താന്‍ പ്രത്യേക പദ്ധതികള്‍ മനസ്സിലുണ്ടെന്ന് നിയുക്ത മന്ത്രി കെബി ഗണേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. ഇനി വിമര്‍ശനങ്ങള്‍ക്കില്ല. വിവാദങ്ങള്‍ ഒഴിവാക്കാനും ചില പദ്ധതികളുണ്ട്, ഉദ്ഘാടനങ്ങള്‍ക്ക് പോകില്ലെന്നും വകുപ്പിനെ മെച്ചപ്പെടുത്തലാണ് ലക്ഷ്യമെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.
ഡിസംബര്‍ 29 വെള്ളിയാഴ്ചയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. നവ കേരള സദസ്സിന് പിന്നാലെയാണ് രണ്ടാം പിണറായി മന്ത്രിസഭ അഴിച്ചുപണിക്ക് ഒരുങ്ങുന്നത്. കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് പുതിയ മന്ത്രിമാരാകുക.
2001 മുതല്‍ പത്തനാപുരത്തിന്റെ പ്രതിനിധിയായിരുന്നു കെ ബി ഗണേഷ് കുമാര്‍. 2001 ല്‍ എ കെ ആന്റണി സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു. പിന്നീട് 22 മാസങ്ങള്‍ക്ക് ശേഷം ബാലകൃഷ്ണപിള്ളയ്ക്ക് വേണ്ടി സ്ഥാനമൊഴിഞ്ഞു. 2011 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ വനം, കായികം, സിനിമ എന്നീ വകുപ്പുകളുടെ മന്ത്രിയായി.