തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ വകുപ്പിൽ സീനിയർ ഇൻസ്ട്രക്ടറായ രമാദേവി, ഗസറ്റഡ് തസ്തികയിൽ ജോലി ചെയ്യുന്നത് മറ്റൊരാളുടെ മാർക്ക് ലിസ്റ്റ് ഉപയോഗിച്ചാണെന്നതിന്റെ രേഖകൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. ഗസറ്റഡ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നേടുന്നതിന് മാർക്ക് ലിസ്റ്റിൽ തിരുത്ത് വരുത്തിയ രേഖകളാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. രമാദേവി കൈവശപ്പെടുത്തിയ മാർക്ക് ലിസ്റ്റിന്റെ യഥാർത്ഥ അവകാശി ഇപ്പോൾ ആടുമേയ്ച്ചാണ് ജീവിക്കുന്നത്.
ആശ്രിത നിയമനം വഴി 1994 ലാണ് രമാദേവി മൃഗസംരക്ഷണ വകുപ്പിൽ ക്ലറിക്കൽ തസ്തികയിലെത്തുന്നത്. 2008ൽ ജൂനിയർ ഇൻസ്ട്രക്ടറായി. പിന്നെ സ്ഥാനക്കയറ്റത്തിലൂടെ സീനിയർ ഇൻസ്ട്രക്ടർ എന്ന ഗസറ്റഡ് തസ്തികയിലും എത്തി. കോഴിക്കുഞ്ഞുങ്ങളുടെ ലിംഗ നിർണ്ണയം നടത്തുന്ന ചിക്സ് സെക്സിംഗ് കോഴ്സിൽ 98 ശതമാനം മാര്‍ക്കുണ്ടെങ്കിലേ ജൂനിയർ ഇൻസ്ട്രക്ടർ എങ്കിലും ആകാൻ കഴിയു. 1990 ലാണ് രമാദേവി കോഴ്സ് പാസായത്. 96 ശതമാനമാണ് മാര്‍ക്ക്. പിന്നെങ്ങനെ ഗസറ്റഡ് തസ്തികയിലെത്തി. 2016ൽ വിവരാവകാശ നിയമപ്രകാരം ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയ രേഖകൾ അനുസരിച്ച് വ്യക്തമാകുന്നത് വന്‍ ക്രമക്കേടുകൾ.
1990 ബാച്ചിന്റെ മാർക്ക് വിവരങ്ങൾ ഉള്ള ഈ രജിസ്റ്ററിൽ രമാദേവിക്ക് മാർക്ക് 99 ശതമാനമാണ്. പക്ഷെ രജിസ്റ്ററിൽ ഒപ്പിട്ട് സര്‍ട്ടിഫിക്കറ്റ് വാങ്ങിയത് അടുത്ത ബാച്ചിലെ ജെസിയാണ്. ആരാണ് ഈ ജെസിയെന്ന ചോദ്യത്തിന് ഏഷ്യാനെറ്റ് ന്യൂസ് തന്നെ ഉത്തരം കണ്ടെത്തുന്നു. വെമ്പായത്ത് ഒരു കുഞ്ഞു വീട്ടിൽ ഒരു കൂട്ടം ആടുകൾക്ക് നടുവിലാണ് ജെസിയുടെ താമസം. രജിസ്റ്ററിലെ ഒപ്പ് തന്റേത് ആണെന്ന് ജെസി വിശദമാക്കി. ഈ സർട്ടിഫിക്കറ്റ് ആരെങ്കിലും ഉപയോഗിച്ചതായി ജെസിക്ക് അറിവില്ല.
99 ശതമാനം മാര്‍ക്ക് നേടി ജയിച്ച ജെസിയുടെ അതേ മാര്‍ക്കാണ് രമാദേവിക്ക് വേണ്ടി രജിസ്റ്ററിൽ വെട്ടി ഒട്ടിച്ചിരിക്കുന്നത്. യഥാർത്ഥ സർട്ടിഫിക്കറ്റ് ഇപ്പോഴും ജെസിയുടെ കയ്യിലുണ്ട്. രമാ ദേവി തനിക്ക് മുന്‍പുള്ള ബാച്ചിലാണ് പഠിച്ചതെന്നും ജെസി വിശദമാക്കുന്നു. രമാദേവിയുടെ മാര്‍ക്കിലെ തിരിമറി ഉറപ്പിക്കാൻ ഒരിക്കൽ കൂടി വിവരാവകാശം അനുസരിച്ച് രേഖകൾ തേടി. 2016ൽ രജിസ്റ്ററിൻറെ പകർപ്പ് അടക്കം നൽകിയ വകുപ്പ് രണ്ടാമത് തിരക്കിയപ്പോൾ പറയുന്നത് രമാദേവിയുടെ ബാച്ചുമായി ബന്ധപ്പെട്ട മാർക്ക് ലിസ്റ്റോ മറ്റ് രേഖകളോ ഒന്നും കൈവശമില്ലെന്നാണ്.
രമാദേവിയുടെ യോഗ്യതയിൽ സംശയമുന്നയിച്ച് ആദ്യം പരാതി നൽകിയ മൃഗസംരക്ഷണ വകുപ്പിലെ മുൻ ജൂനിയർ ഇൻസ്ട്രക്ടർ ജെ.വൽസന് ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നത് ഇപ്രകാരമാണ്. സ്പെഷ്യൽ റൂൾ അനുസരിച്ച് 98 ശതമാനമുള്ളവർക്കാണ് ജോലിക്ക് അർഹത. രമാദേവിക്ക് ജോലി ലഭിച്ചത് സ്വാധീനം ഉപയോഗിച്ചാവാമെന്നും വൽസൻ പറയുന്നു.
മാര്‍ക്ക് ലിസ്റ്റ് വിവാദത്തെ കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറുടെ ചോദ്യത്തിന് രമാദേവിയുടെ മറുപടി, തനിക്ക് സർട്ടിഫിക്കറ്റിൽ ആക്കുറസി രേഖപ്പെടുത്തിയിട്ടില്ല എന്നും അത് ഡയറക്ടർ ചോദിച്ചപ്പോൾ എൽഎംപിസിയിൽ നിന്ന് കൊടുത്ത ലെറ്ററാണെന്നുമായിരുന്നു. 96 ശതമാനം മാർക്ക് കിട്ടിയ രമാദേവിയുടെ രജിസ്റ്ററിൽ എങ്ങിനെ മാർക്ക് 99 ആയി. വർഷങ്ങൾക്ക് മുന്നേ പരാതി ഉയർന്നിട്ടും എന്ത് കൊണ്ട് തള്ളിക്കളഞ്ഞു. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലോടെയാണ് തട്ടിപ്പ് നടന്നതെന്ന് വ്യക്തം.