തിരുവനന്തപുരം: നവകേരള സദസിൽ നിന്നും ലഭിച്ച പരാതികൾ തീർപ്പാക്കാൻ ഓൺലൈനായി യോഗം വിളിച്ച് റവന്യൂമന്ത്രി കെ. രാജൻ. 14 ജില്ലകളിലെയും കളക്ടർമാരോടും റവന്യു ഡിവിഷണൽ ഓഫീസർമാരോടും യോഗത്തിൽ പങ്കെടുക്കാനാണ് നിർദേശം.യോഗം ഇന്ന് ഉച്ചയ്ക്ക് 1.30ന് ഓൺലൈനായി നടക്കും. ഓരോ ജില്ലയിലെയും പരാതികളെക്കുറിച്ചുള്ള വിലയിരുത്തലും പരാതികൾ തീർപ്പാക്കാനുള്ള സംവിധാനത്തെക്കുറിച്ച് ചർച്ച ചെയ്യാനുമാണ് യോഗം.
ആറുലക്ഷത്തിലധികം പരാതികളാണ് നവകേരളസദസിൽ നിന്നും ലഭിച്ചത്. പരാതികൾ സമയബന്ധിതമായി തീരുന്നില്ലെന്നും പരാതികൾ കെട്ടിക്കിടക്കുകയാണെന്നും വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ഓൺലൈനായി യോഗം ചേരാൻ തീരുമാനിച്ചത്.ജനങ്ങൾക്കിടയിലേയ്ക്കിറങ്ങി പരാതികൾ പരിഹരിക്കുമെന്നായിരുന്നു നവകേരളസദസ് ലക്ഷ്യം വച്ചിരുന്നത്. എന്നാൽ അതിന് സാധിക്കാതെ വന്നതോടെയാണ് റവന്യൂ മന്ത്രിയുടെ നേത്യത്വത്തിൽ യോഗം വിളിച്ചിരിക്കുന്നത്.