കൊച്ചി : അവയവദാനത്തിന് പിന്നിലെ ഉദ്ദേശം ദാതാവിന്റെ മോശം സാമ്പത്തിക പശ്ചാത്തലം തന്നെയാണെന്ന് കരുതാനാവില്ലെന്ന് ഹൈക്കോടതി. ഇത്തരം നിഗമനങ്ങള്‍ ആ വ്യക്തിയുടെ അന്തസിനെ ബാധിക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
വൃക്ക തകരാറിലായ മുന്‍ തൊഴിലുടമയ്ക്ക് അവയവം ദാനം ചെയ്യാന്‍ വേലക്കാരിയെ തടഞ്ഞതിന് തൃശൂര്‍ റൂറല്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ കോടതി ശാസിക്കുകയും ചെയ്തു. വൃക്കദാനം ചെയ്യുന്നതിനായുള്ള അനുമതി പത്രം നല്‍കുന്നതിന് ഹര്‍ജിക്കാരന്റെ പശ്ചാത്തലം പരിഗണിച്ച് വലപ്പാട് പോലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസര്‍ നല്കിയ ചില അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് വിസമ്മതം പ്രകടിപ്പിച്ചിരിക്കുന്നതെന്ന് കോടതി കണ്ടെത്തി. അവയവം മാറ്റിവെക്കാന്‍ സമ്മതിച്ചത് പരോപകാരം എന്ന നിലയിലല്ലെന്നും മോശമായ സാമ്പത്തിക ചുറ്റുപാടുകളായതിനാലും സ്വന്തമായി വീടില്ലാത്തതിനാലുമാണെന്നുമാണെന്നാണ് എസ്എച്ച്ഒയുടെ റിപ്പോര്‍ട്ട്. സാമ്പത്തിക ബാധ്യതയുള്ള ഒരു വ്യക്തി പണലാഭത്തിന് വേണ്ടി മാത്രമേ പ്രവര്‍ത്തിക്കൂ എന്ന അനുമാനം അപകീര്‍ത്തികരമാണെന്നും ഒരു വ്യക്തിയുടെ അന്തസ്സിനും ഭരണഘടനാപരമായ ആവശ്യകതകള്‍ക്കും വിരുദ്ധമാണെന്നും കോടതി പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥരെ ഇത്തരം ഊഹങ്ങള്‍ ഉന്നയിക്കാന്‍ അനുവദിച്ചാല്‍, അത് അന്തസ്സിന്റെയും വ്യക്തിബഹുമാനത്തിന്റെയും ഭരണഘടനാപരമായ ആവശ്യകതകളുടെ അടിത്തറയെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. സ്വീകര്‍ത്താവിന് വൃക്കസംബന്ധമായ രോഗം വളരെ മോശം അവസ്ഥയിലായിട്ടുണ്ടെന്നും അടിയന്തരമായി അവയവം മാറ്റിവെക്കേണ്ടതുണ്ടെന്നും വാദം നടന്നു. നിയമപരമായി അനുമതി പത്രം നല്കാന് ഡിവൈഎസ്പി നിരസിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്. അതിനാല്‍ പരാതിക്കാര്‍ക്ക് പ്രാദേശിക തലത്തിലുള്ള ഓതറൈസേഷന്‍ കമ്മിറ്റി ഫോര്‍ റീനല്‍ ട്രാന്സ്പ്ലാന്റേഷന് (എല്‍എല്‍എസി) മുമ്പാകെ പ്രസക്തമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ദാതാവും സ്വീകര്‍ത്താവും തമ്മില്‍ ഒരു തരത്തിലുള്ള ബന്ധവും ഉണ്ടായിരുന്നില്ലെന്നാണ് കണ്ടെത്തിയതെന്നും സാമ്പത്തിക ലാഭം മാത്രമാണ് ലക്ഷ്യമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. വേലക്കാരിയായി ജോലി ചെയ്തെന്ന് പറയുന്നതിനും തെളിവുകളില്ല. ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴും ഇരുവരും തമ്മിലുള്ള ഫോണ്‍ ചെയ്തതിന്റെ രേഖകള്‍ കണ്ടെത്താനായില്ല. തുടങ്ങിയ വിവരങ്ങളാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.