പത്തനംതിട്ട: ശബരിമലയിൽ മണ്ഡലപൂജ നാളെ നടക്കും. തങ്കയങ്കി വഹിച്ചുള്ള രഥയാത്ര ഇന്ന് ഉച്ചയോടെ പമ്പയിലെത്തും. അതേസമയം തുടർച്ചയായ രണ്ടാം ദിവസവും 18-ാം പടി കയറിയ തീർത്ഥാടകരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നും തീർത്ഥാടകരുടെ നിര നീളുകയാണ്.
ഇന്നലെ രാത്രി നടയടച്ച ശേഷം അപ്പാച്ചിമേട് വരെ തീർത്ഥാടകരുടെ നിര നീണ്ടു. പമ്പയിൽനിന്ന് തീർത്ഥാടകരെ കയറ്റി വിടുന്നതിലെ നിയന്ത്രണം ഇന്നും തുടരുകയാണ്. നിലക്കലിലും ഇടത്താവളങ്ങളിലും നിയന്ത്രണം തുടരുന്നുണ്ട്. ദർശനം നടത്തിയ തീർത്ഥാടകർ മല ഇറങ്ങാതെ സന്നിധാനത്ത് തുടരുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി ദേവസ്വം ബോർഡ് അറിയിച്ചു. തങ്കയങ്കി രഥയാത്ര പമ്പയിലേക്ക് എത്തുന്നതിനാൽ രാവിലെ 11 മണിക്ക് ശേഷം തീർത്ഥാടകരുടെ വാഹനങ്ങൾക്ക് പമ്പയിലേക്ക് പ്രവേശനമില്ല. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെർച്വൽ ക്യൂ ഇന്ന് 64,000 ആയും നാളെ 70,000 ആയും കുറച്ചു.
മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വൈകുന്നേരം ദീപാരാധനയ്ക്ക് മുൻപായി സന്നിധാനത്ത് എത്തും. നാളെ വൈകുന്നേരത്തെ ദീപാരാധനയും മണ്ഡലപൂജയും തങ്കയങ്കി ചാർത്തിയായിരിക്കും. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലാണ് തങ്കയങ്കി സൂക്ഷിക്കുന്നത്. മണ്ഡലപൂജയ്ക്ക് മുൻപായി രഥയാത്രയായി തങ്കയങ്കി സന്നിധാനത്തേക്ക് എത്തിക്കും.
1973ൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന ചിത്തിരതിരുനാൾ ബാലരാമവർമയാണ് അയ്യപ്പന് ചാർത്താൻ തങ്കയങ്കി സമർപ്പിച്ചത്. അന്നുമുതൽ തങ്കയങ്കി ചാർത്തിയാണ് മണ്ഡലപൂജ നടക്കുന്നത്. 451 പവൻ തൂക്കമുള്ളതാണ് തങ്കയങ്കി. രഥയാത്ര വിവിധ പ്രദേശങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഒന്നേകാലിന് പമ്പയിൽ എത്തും. ശരംകുത്തിയിൽ ദേവസ്വം ബോർഡ് നൽകുന്ന ഔദ്യോഗിക സ്വീകരണത്തിനു ശേഷം 6.15നു തങ്കയങ്കി പേടകം ശബരിമല അയ്യപ്പ സന്നിധിയിൽ എത്തിക്കും. കൊടിമര ചുവട്ടിലും വരവേൽപ്പ് നൽകും.