ന്യൂഡല്‍ഹി : ചെലവ് കുറഞ്ഞ ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസായ അമൃത് ഭാരത് എക്സ്പ്രസ് ഈ മാസം അവസാനത്തോടെ ഓടി തുടങ്ങിയേക്കും. ഡിസംബര്‍ 30ന് ആദ്യത്തെ രണ്ട് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് കര്‍മ്മം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡല്‍ഹിയില്‍ നിന്ന് അയോധ്യവഴി ബിഹാറിലെ ദര്‍ഭംഗയിലേക്കാണ് ആദ്യ ട്രെയിന്‍. മാള്‍ഡയില്‍ നിന്ന് ബംഗളൂരുവിലേക്കാണ് രണ്ടാമത്തെ സര്‍വീസ്. ഡിസംബര്‍ 30ന് ആറു വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ക്ക് ഒപ്പം അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ക്കും പ്രധാനമന്ത്രി പച്ചക്കൊടി വീശുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുഷ്- പുള്‍ സാങ്കേതികവിദ്യയാണ് അമൃത് ഭാരത് എക്സ്പ്രസില്‍ ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വേഗത്തില്‍ യാത്ര ചെയ്യാന്‍ സഹായിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. അമൃത് ഭാരത് എക്സ്പ്രസ് ഒരു സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് സര്‍വീസാണ്.
നോണ്‍- എസി സ്ലീപ്പര്‍ കം അണ്റിസര്വ്ഡ് ക്ലാസ് സര്‍വീസ് ആയാണ് ഇത് ഓടുക. വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ഓടുന്ന ഈ ട്രെയിന്‍ രാത്രി സര്‍വീസിനായാണ് പരിഗണിക്കുന്നത്. 800 കിലോമീറ്ററിലധികം ദൂരമുള്ള നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ടാണ് സര്‍വീസ് നടത്തുക. പത്തുമണിക്കൂറിലധികം സമയദൈര്‍ഘ്യം വരുന്ന നിലവിലുള്ള റൂട്ടുകളിലാണ് സര്‍വീസ് നടത്തുക. സ്ലീപ്പര്‍, ജനറല്‍ കോച്ചുകളാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. 22 എല്‍എച്ച്ബി കോച്ചുകളാണ് ഇതില്‍ ഉണ്ടാവുക.