ചെന്നൈ : തമിഴ്നാട്ടില്‍ ചങ്ങല കൊണ്ട് ബന്ധിച്ച് 24കാരിയെ കാമുകന് തീകൊളുത്തി കൊന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ആര് നന്ദിനിയെ വിവാഹം കഴിക്കുന്നതിന് വേണ്ടി പ്രതി ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തി പേര് മാറ്റിയതായി പൊലീസ് പറയുന്നു. താനുമായുള്ള ബന്ധം അവസാനിപ്പിച്ച് മറ്റു ചിലരുമായി നന്ദിനി സൗഹൃദം സ്ഥാപിക്കുന്നതായുള്ള സംശയമാണ് പ്രതി വെട്രിമാരന്റെ പ്രകോപനത്തിനുള്ള കാരണമെന്നും പൊലീസ് പറയുന്നു.
ചെന്നൈയ്ക്ക് സമീപമുള്ള തലമ്പൂരിലാണ് സംഭവം. സംഭവത്തില്‍ നന്ദിനിയോടൊപ്പം ജോലി ചെയ്തിരുന്ന ട്രാൻസ് മാനായ വെട്രിമാരനെ അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. നാട്ടുകാരാണ് പാതി കത്തിക്കരിഞ്ഞ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ശരീരം ചങ്ങല കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. ബ്ലേഡ് കൊണ്ട് കഴുത്തിലും കൈക്കാലുകളിലും ആഴത്തില്‍ മുറിവേപ്പിച്ച നിലയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
നന്ദിനി മധുര സ്വദേശിനിയാണ്.ഇരുവരും സ്കൂളില്‍ ഒരുമിച്ചാണ് പഠിച്ചത്. ചെന്നൈയിലെ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ കഴിഞ്ഞ എട്ടുമാസമായി ഇരുവരും ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു.
നന്ദിനിയെ വിവാഹം കഴിക്കുന്നതിന് വേണ്ടിയാണ് വെട്രിമാരന് ലിംഗ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. തുടര്‍ന്ന് പേരുമാറ്റി. ആദ്യം പാണ്ഡ്യ മഹേശ്വരി എന്നായിരുന്നു പേര്. ഇത് മാറ്റിയാണ് വെട്രിമാരന് എന്നാക്കിയത്. നന്ദിനി താനുമായുള്ള ബന്ധം അവസാനിപ്പിച്ച് മറ്റു ചിലരുമായി സൗഹൃദം സ്ഥാപിക്കുന്നതായുള്ള വെട്രിമാരന്റെ സംശയമാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു.
ജന്മദിനാഘോഷം എന്ന പേരില്‍ വിളിച്ച് വരുത്തിയ ശേഷം യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ചങ്ങല കൊണ്ട് ബന്ധിച്ച ശേഷം ബ്ലേഡ് കൊണ്ട് ശരീരത്തില്‍ ആഴത്തില്‍ മുറിവുണ്ടാക്കി. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് നന്ദിനിയെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.