തിരുവനന്തപുരം: കെപിസിസി മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് നടപടിക്കെതിരെ അവകാശ ലംഘന നോട്ടീസ്. എപി അനില്‍കുമാര്‍ എംഎല്‍എയാണ് സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കിയത്. കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും, വിഡി സതീശനും ഉള്‍പ്പെടെ പ്രതികളാണ്.
ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിക്കുന്നതിന് മുമ്പ് പൊലീസ് മാനുവല്‍ അനുസരിച്ച് പാലിക്കേണ്ട ചില നടപടിക്രമങ്ങളുണ്ട്. അതൊന്നും പാലിക്കാതെയാണ് സമാധാനപരമായി നടന്ന പ്രതിഷേധ യോഗത്തിന് നേരെ പൊലീസ് നടപടി ഉണ്ടായതെന്നും, ഇത് പ്രതിപക്ഷ നേതാവിനെ അപായപ്പെടുത്താനാണെന്നും നോട്ടീസില്‍ ആരോപിക്കുന്നു.
അധമമായ നരഹത്യാശ്രമമാണെന്നും നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു. നോട്ടീസ് സ്പീക്കര്‍ക്ക് കൈമാറി. കോണ്‍ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ച്ചിനിടെ നേതാക്കള്‍ പൊലീസിനെ ആക്രമിച്ചതായിട്ടാണ് എഫ്ഐആറില്‍ പറയുന്നത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് രണ്ടാം പ്രതി. ജെബി മേത്തര്‍ എംപിയാണ് മൂന്നാം പ്രതി.