പത്തനംതിട്ട : എട്ടാം ക്ലാസ് വിദ്യാർഥിനിയെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. റാന്നി ഉതിമൂട് ഡിപ്പോപടി തോപ്പിൽ മുരുപ്പേൽ പരേതനായ ജോൺസണിന്റെ മകൾ ആഷ്മി ജോൺസൺ (12) ആണ് മരിച്ചത്. കുമ്പളാംപൊയ്ക സ്കൂളിലെ വിദ്യാർഥിനിയാണ്. ജനലിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.
ഇന്ന് രാവിലെ 11 മണിക്കു ശേഷമാണു സംഭവം. കുട്ടിയുടെ പിതാവ് ഒരു വർഷം മുൻപാണ് തടി ദേഹത്തു വീണു മരിച്ചത്. മാതാവ് ഷൈലജയ്ക്കും സഹോദരനും മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് കുട്ടി വാടക വീട്ടിൽ കഴിയുന്നത്. മുത്തശ്ശൻ രോഗിയാണ്. മുത്തശ്ശി പണിക്കു പോയിരുന്നു.
പാചക വാതകത്തിനുള്ള ബുക്ക് മകളെ ഏൽപ്പിച്ച് അമ്മ ഷൈലജ പുറത്തു പോയതിനു ശേഷമാണ് സംഭവം. അതിനിടെ അവർ വീട്ടിലേക്ക് ഫോൺ ചെയ്തു. ഗ്യാസ് സിലിണ്ടറുമായി ഏജൻസിയിൽ നിന്നു ആളു വരുമെന്നു പറയാനാണ് വിളിച്ചത്. കുട്ടിയുടെ സഹോദരനാണ് ഫോൺ എടുത്തത്. ഫോൺ കുട്ടിക്കു കൊടുക്കാൻ പോയപ്പോൾ മുറി അടച്ച നിലയിലാണ് കണ്ടത്. ജനലിലൂടെ നോക്കിയപ്പോൾ ആഷ്മി ജനലിൽ തൂങ്ങി കിടക്കുന്നതാണ് കണ്ടത്.
പിന്നാലെ ഷൈലജ സ്വന്തം സഹോദരനേയും കൂട്ടി വീട്ടിലെത്തി ആഷ്മിയെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം നാളെ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തും. മരണ കാരണം അറിവായിട്ടില്ല.