തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കെപിസിസി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പിസിസി ആസ്ഥാനത്ത് നിന്ന് പ്രകടനമായെത്തി ഡിജിപി ഓഫീസിനു മുന്നിലെത്തിയ പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. സ്ഥലത്തുണ്ടായിരുന്ന നവകേരള സദസിന്റെ ബാനറുകളും പ്രതിഷേധക്കാർ നശിപ്പിച്ചു.
കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസംഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രസംഗം ആരംഭിച്ചതിനു പിന്നാലെയാണ് പോലീസ് നടപടിയുണ്ടായത്.നേതാക്കൾക്കും പ്രവർത്തകൾക്കും നേരെ ജലപീരങ്കി പ്രയോഗവും കണ്ണീർവാതക പ്രയോഗവുമുണ്ടായി. എട്ടുതവണയാണ് പോലീസ് കണ്ണീർവാതക ഷെൽ പ്രയോഗിച്ചത്. ഇതോടെ, നേതാക്കൾ അസ്വസ്ഥത പ്രകടിപ്പിച്ച് സ്ഥലത്തുനിന്ന് മാറി. പലർക്കും ശ്വാസതടസം അനുഭവപ്പെട്ടു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ. സുധാകരനെ പ്രവർത്തകർ വേദിയിൽ നിന്ന് മാറ്റുകയും പിന്നീട് ശാസ്ത്രമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.. ഇതിനു പിന്നാലെ പോലീസിനു നേരെ കല്ലേറുണ്ടായി.
സാധാരണ നേതാക്കൾ പ്രസംഗിച്ചതിനു ശേഷമാണ് പോലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുക. എന്നാൽ നേതാക്കൾക്കു നേരെ തുടക്കത്തിൽതന്നെയുണ്ടായ കണ്ണീർവാതക പ്രയോഗം ആസൂത്രിതമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. കെ.സുധാകരനും വി.ഡി. സതീശനും പുറമേ ശശി തരൂർ എംപി, രമേശ് ചെന്നിത്തല, കെ മുരളീധരന് എംപി തുടങ്ങിയവരും കെപിസിസി ഭാരവാഹികളും പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയിരുന്നു.
കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പൊലീസ് നടപടിയിലും ഡിവൈഎഫ്ഐ അതിക്രമത്തിലും പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ രമേശ് ചെന്നിത്തല, വി.ഡി.സതീശന് എന്നിവര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെയും പ്രവര്‍ത്തകര്‍ ഇവിടെനിന്ന് മാറ്റി.