ന്യൂഡല്‍ഹി : അടുത്ത വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെ കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയാണ് സര്‍ക്കാര്‍ ആദ്യം ക്ഷണിച്ചത്. എന്നാല്‍ ജനുവരിയില്‍ ഇന്ത്യയിലേക്ക് വരുന്നതില്‍ ബൈഡന് അസൗകര്യം അറിയിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് മക്രോണിനെ മുഖ്യാതിഥിയായി ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ചാല്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥി ആയെത്തുന്ന ആറാമത്തെ ഫ്രഞ്ച് ഭരണത്തലവനാകും ഇമ്മാനുവല്‍ മക്രോണ്‍. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സെപ്റ്റംബറില്‍ മക്രോണ്‍ ഡല്‍ഹിയിലെത്തിയിരുന്നു.
മക്രോണിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതോടെ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി പങ്കാളിത്തം വീണ്ടും ശക്തമാകും. മനുഷ്യാവകാശം, ബഹിരാകാശം, പ്രതിരോധ മേഖല തുടങ്ങി നിരവധി കാര്യങ്ങളില്‍ ഇന്ത്യയുമായി ഫ്രാന്‍സിന് പങ്കാളിത്തമുണ്ട്. ഈ വർഷം ജൂലൈയിൽ ഫ്രാൻസിലെ ബാസ്റ്റില്‍ ഡേ പരേഡിൽ നരേന്ദ്രമോദി മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു.