മുംബൈ : ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) അടുത്തിടെ ഇറക്കിയ ശിപാർശ പ്രകാരം നോൺ-ലിങ്ക്ഡ് സേവിംഗ്സ് ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ സറണ്ടർ മൂല്യം വർധിപ്പിച്ചാൽ അത് തങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്ന ആശങ്ക പങ്കുവെച്ച് ഇൻഷുറൻസ് കമ്പനികൾ.
കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ഇൻഷുറൻസ് പോളിസികൾ അവസാനിപ്പിക്കാൻ കന്പനിയുടെ ഭാഗത്ത് നിന്നും തീരുമാനമുണ്ടാകുന്ന സാഹചര്യത്തിൽ കമ്പനി പോളിസി ഉടമയ്ക്ക് നൽകുന്ന പണമാണ് സറണ്ടർ മൂല്യം എന്നത്. പോളിസി ഉടമയിൽ നിന്ന് തന്നെ ഇതിനായി ഇൻഷുറർ കന്പനി ഈടാക്കുന്ന തുകയാണ് സറണ്ടർ ചാർജ് .
ഐആർഡിഎഐയുടെ ശിപാർശ പുറത്തുവന്നതിന് പിന്നാലെ ഇൻഷുറൻസ് കമ്പനികളുടെ ഓഹരി മൂല്യത്തിലും ഇടിവുണ്ടായിട്ടുണ്ട്. വിവിധ ഉൽപ്പന്നങ്ങൾക്കായി പ്രീമിയത്തിന്റെ ഒരു ത്രെഷോൾഡ് ലെവൽ (ഉയർന്ന പരിധി) ഐആർഡിഎഐ നിർദ്ദേശിച്ചിട്ടുണ്ട്. ആ പരിധിക്ക് മുകളിലുള്ള സറണ്ടർ ചാർജുകൾ ഈടാക്കാൻ ഒരു ഇൻഷുറർക്ക് സാധിക്കില്ല.
നോൺ ലിങ്ക്ഡ് സേവിംഗ്സ് ഉത്പന്നങ്ങൾ എന്നാൽ….
സ്റ്റോക്ക് മാർക്കറ്റുമായി ബന്ധമില്ലാത്ത ഇൻഷുറൻസ് സ്കീമുകളെയാണ് നോൺ-ലിങ്ക്ഡ് സേവിംഗ്സ് ഉൽപ്പന്നങ്ങൾ എന്ന് പറയുന്നത്. മാർക്കറ്റ് ലിങ്ക്ഡ് ഉത്പന്നങ്ങളെക്കാളും സറണ്ടർ ചാർജുകൾ ഇവയ്ക്ക് നൽകണം. നോൺ-ലിങ്ക്ഡ് പോളിസികൾ സറണ്ടർ ചെയ്യുന്പോൾ, അതുവരെ ലഭിച്ച പ്രീമിയത്തിന്റെ മൂല്യത്തെ അടിസ്ഥാനമാക്കിയാണ് ചാർജുകൾ ഈടാക്കുക.