കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളം വഴി അഞ്ച് കോടിയോളം വില മതിക്കുന്ന കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ചതിന് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യുറോ അറസ്റ്റ് ചെയ്ത വെനിസുലന്‍ പൗരനെ കോടതി വെറുതെ വിട്ടു. 2018 ഒക്ടോബറിലായിരുന്നു മയക്കുമരുന്ന് കടത്ത്. വിക്ടര്‍ ഡേവിഡ് റോമെറോ ഇന്‍ഫാന്റെയാണ് കോടതി വെറുതെ വിട്ടത്
എന്‍സിബിയ്ക്ക് ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ല എന്ന് നിരീക്ഷിച്ചു കൊണ്ട് എറണാകുളം സെവന്‍ത്ത് അഡിഷണല്‍ സെഷന്‍സ് ജഡ്ജ് സുലേഖ ആണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത വസ്തു കൊക്കെയ്ന്‍ ആണെന്ന് സംശയാതീതമായി തെളിയിക്കുന്നതിന് വേണ്ടി സാംപിളുകള്‍ ശേഖരിച്ച് ലബോറട്ടറിയിലേക്ക് അയക്കുന്ന നടപടിക്രമത്തില്‍ ഗുരുതരമായ വീഴ്ച്ച ഉണ്ടായി എന്നുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി പ്രതിയെ വെറുതെ വിട്ടത്.
എന്‍ഡിപിഎസ് ആക്ടിന്റെ നടപടിക്രമങ്ങള്‍ അനുസരിച്ചുള്ള അന്വേഷണം നടത്തുന്നതില്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യുറോയ്ക്ക് വീഴ്ച്ചപറ്റിയെന്നും കോടതി കണ്ടെത്തി. പ്രതിയ്ക്ക് വേണ്ടി അഭിഭാഷകരായ മുഹമ്മദ് സബാഹ്, ലിബിന് സ്റ്റാന്‍ലി എന്നിവരാണ് ഹാജരായത്.