കോഴിക്കോട്: എസ്.എഫ്.ഐ പ്രവര്‍ത്തകരെ വെല്ലുവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോഴിക്കോട് നഗരത്തില്‍. മിഠായിത്തെരുവിലും മാനാഞ്ചിറയിലും ഇറങ്ങിയ ഗവര്‍ണര്‍ ഹല്‍വാ കടയിലും സന്ദര്‍ശനം നടത്തി. കുട്ടികളുടെ കൂടെ ഫോട്ടോയെടുത്ത ഗവര്‍ണര്‍ ജനങ്ങളുമായി സംവദിച്ചു.
അസാധാരണ നീക്കത്തില്‍ അമ്പരന്നുനിന്ന ആളുകള്‍ക്കിടയിലേക്ക് അദ്ദേഹം കടന്നുചെന്നു. കുട്ടികളെ കൈയിലെടുക്കുകയും ആളുകള്‍ക്കൊപ്പം സെല്‍ഫി എടുക്കുകയും ചെയ്തു. ചില കടകളില്‍ കയറിയ അദ്ദേഹം ആളുകളോട് കുശലം പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്ക് തന്നോട് വലിയ സ്നേഹമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.ഇതിനിടയില്‍ ചില ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി അദ്ദേഹത്തെ പിന്തുടര്ന്നു. ഗവര്‍ണര്‍-എസ്എഫ്ഐ പോരിനിടെയുള്ള ഈ സംഭവം വലിയ രാഷ്ട്രീയ ശ്രദ്ധ നേടിയിരിക്കുകയാണ്.
മിഠായിത്തെരുവില്‍ ഉടനീളം നടന്നശേഷം അദ്ദേഹം ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു. ഹൃദയം നിറഞ്ഞ അനുഭവമാണ് ഈ യാത്ര സമ്മാനിച്ചതെന്ന് പറഞ്ഞ അദ്ദേഹം ജനങ്ങള്‍ തനിക്ക് സുരക്ഷ ഒരുക്കുമെന്നും കൂട്ടിച്ചേര്‍ത്തു.ജനങ്ങളുമായി നേരിട്ട് സംവദിച്ചശേഷം ഗവര്‍ണര്‍ ഔദ്യോഗിക വാഹനത്തില്‍ കയറി മടങ്ങി.
താന്‍ നഗരത്തിലിറങ്ങുമെന്നും തനിക്ക് സുരക്ഷ വേണ്ടെന്നും ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു. ”കേരളത്തിലുള്ളത് മികച്ച പൊലീസാണ്. എന്നാൽ അവരെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല. എനിക്ക് പൊലീസ് സുരക്ഷ ആവശ്യമില്ല.കേരളത്തിലെ ജനങ്ങൾ എന്നെ സ്നേഹിക്കുന്നു, ഞാൻ തിരിച്ചും” എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.നഗരത്തിൽ വൻ പൊലീസ് സന്നാഹമാണുള്ളത്.