തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐയ്ക്കു പിന്നാലെ ഡിവൈഎഫ്ഐയും രംഗത്ത്. ‘സംഘി ചാന്‍സിലര്‍ ക്വിറ്റ് കേരള’ എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്ന് സംസ്ഥാനത്തെ 2,000 കേന്ദ്രങ്ങളില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്നും പ്രതിഷേധ ബാനര്‍ ഉയര്‍ത്തുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അറിയിച്ചു.
ഡിവൈഎഫ്ഐയുടെ പ്രസ്താവന ഇങ്ങനെ… “”കേരളത്തിലെ സര്‍വകലാശാലകളെ കാവിവത്ക്കരിക്കാന്‍ വേണ്ടി സെനറ്റില്‍ ആര്‍എസ്എസുകാരെ കുത്തിതിരുകിയ ചാന്‍സിലറായ ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥികള്‍ അതിശക്തമായ പോരാട്ടം നടത്തി കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കാത്ത, ഭരണഘടന തത്വങ്ങള്‍ അട്ടിമറിക്കുന്ന കേരളത്തിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത നിയമനിർമാണ സഭയുടെ തീരുമാനങ്ങളെ അംഗീകരിക്കാത്ത സംഘി ചാന്‍സിലര്‍ ക്വിറ്റ് കേരള എന്ന മുദ്രാവാക്യമുയര്‍ത്തി ഡിസംബര്‍ 18ന് കേരളത്തിലെ 2000 കേന്ദ്രങ്ങളില്‍ ഡിവൈഎഫ്ഐ പ്രതിഷേധ യോഗം സംഘടിപ്പിക്കുകയും തെരുവുകളില്‍ പ്രതിഷേധ ബാനര്‍ ഉയര്‍ത്തുകയും ചെയ്യും.”
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയും രംഗത്തെത്തി. പ്രതിഷേധത്തില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് ആര്‍ഷോ വ്യക്തമാക്കിയത്. നാളെ നേരം പുലരും മുമ്പ് നൂറോളം ബാനറുകള്‍ ഗവര്‍ണര്‍ക്കെതിരെ ക്യാമ്പസില്‍ ഉയര്‍ത്തുമെന്നും ക്യാമ്പസുകളെ കാവിവത്ക്കരിക്കാന്‍ അനുവദിക്കില്ലെന്നും ആര്‍ഷോ മാധ്യമങ്ങളോട് പ്രതികരിച്ചു.