ചെന്നൈ : തെക്കന്‍ തമിഴ്നാട്ടില്‍ കനത്ത മഴ. നിരവധി താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി, കന്യകുമാരി തുടങ്ങിയ ജില്ലകളിലാണ് മഴ കനത്ത നാശം വിതച്ചത്. തൂത്തുക്കിടിയിലെ തിരുച്ചെണ്ടൂരില്‍ 15 മണിക്കൂറിനിടെ 53.6 സെന്റമീറ്റര്‍ മഴയാണ് പെയ്തത്.
ദുരിതബാധിത ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ദ്രുതകര്‍മ്മസേന രംഗത്തിറങ്ങിയിട്ടുണ്ട്. അതിശക്ത മഴയുടെ പശ്ചാത്തലത്തില്‍ നാലു ജില്ലകള്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. വന്ദേഭാരത് അടക്കം 20 ട്രെയിനുകള്‍ റദ്ദാക്കി.
സംസ്ഥാനത്ത് രണ്ടു ദിവസം കൂടി തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കോമറിന് മേഖലയ്ക്ക് മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് മഴ കനക്കാന്‍ കാരണം. മഴ കനത്ത പശ്ചാത്തലത്തില്‍ അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.