വാണ്ടറേഴ്സ്: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.3 ഓവറില്‍ 116 റണ്‍സിന് പുറത്തായി. അഞ്ചു വിക്കറ്റെടുത്ത അര്‍ഷ്ദീപ് സിംഗും നാലു വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കയെ രണ്ടാമോവറിൽ അർഷദീപ് ഞെട്ടിച്ചു. അടുപ്പിച്ച് രണ്ടുപന്തുകളിൽ ഓപ്പണർ റീസ ഹെൻഡ്രിക്സും റാസി വാൻ ഡെർ ഡുസെനും പുറത്ത്. അക്കൗണ്ട് തുറക്കാനാകാതെ ഇരുവരും പുറത്താകുമ്പോൾ ദക്ഷിണാഫ്രിക്കൻ സ്കോർബോർഡിൽ രണ്ടുറൺസ് മാത്രം.പിന്നീട് ഓപ്പണര്‍ ടോണി ഡി സോര്‍സിയും(28) ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും സോർസിയെ രാഹുലിന്റെ കൈകളിലെത്തിച്ച് അർഷദീപ് വീണ്ടും പ്രഹരമേല്പിച്ചു.
പിന്നീട് കൃത്യമായ ഇടവേളകളിൽ ആതിഥേയർക്ക് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. അഞ്ച് റണ്‍സെടുത്ത ക്ലാസനെ അര്‍ഷ്ദീപ് ബൗള്‍ഡാക്കി. പിന്നാലെ നായകൻ ഏയ്ഡന്‍ മാര്‍ക്രത്തെ(12) ആവേശ് ഖാനും ബൗള്‍ഡാക്കിയതോടെ ദക്ഷിണാഫ്രിക്ക 52-5 എന്ന നിലയിൽ തകർന്നു.അർഷദീപിനു പിന്നാലെ പേസ് ആക്രമണം ഏറ്റെടുത്ത ആവേശ് ഖാൻ പിന്നാലെ ഡേവിഡ് മില്ലറെയും(2) വിയാന്‍ മുള്‍ഡറെയും(0) കേശവ് മഹാരാജിനെയും(4) വീഴ്ത്തി. വാലറ്റത്ത് പൊരുതിയ ആൻഡിൽ പെഹ്ലുക്വായോ (33) ആണ് ദക്ഷിണാഫ്രിക്കൻ സ്കോർ നൂറുകടത്തിയത്.
അവസാന വിക്കറ്റിൽ അരങ്ങേറ്റക്കാരൻ നാന്ദ്രെ ബർഗറെ (ഏഴ്) കുൽദീപ് പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയുടെ പതനം പൂർത്തിയാക്കി.ഇന്ത്യയ്ക്കുവേണ്ടി അർഷദീപ് സിംഗ് 37 റൺസ് വഴങ്ങി അഞ്ചുവിക്കറ്റും ആവേശ് ഖാൻ 27 റൺസ് വഴങ്ങി നാലുവിക്കറ്റും വീഴ്ത്തി.മുതിർന്ന താരങ്ങളായ നായകൻ രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരുടെ അഭാവത്തില്‍ യുവതാരങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്.
യുവതാരം സായ് സുദർശൻ ഏകദിന അരങ്ങേറ്റം കുറിക്കുന്ന മത്സരം കൂടിയാണിത്. ഋതുരാജ് ഗെയ്ക്വാദിനൊപ്പം സായ് സുദർശൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. മലയാളി താരം സഞ്ജു സാംസണും പ്ലേയിംഗ് ഇലവനിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. ആറാമനായാണ് സഞ്ജു ഇറങ്ങുക.