ഇടുക്കി: വണ്ടിപ്പെരിയാർ കേസിൽ പോസ്റ്റുമോര്‍ട്ടം വേണ്ടെന്ന് പറഞ്ഞത് കുട്ടിയുടെ അച്ഛൻ്റെയും ബന്ധുക്കളുടെയും ആവശ്യപ്രകാരമാണെന്ന് ആവർത്തിച്ച് പീരുമേട് എം.എൽ.എ.വാഴൂർ സോമൻ.പോലീസിന്റെ കണ്ടെത്തൽ ശരിയാണെന്നും അക്രമി അർജുൻ തന്നെയാണെന്നും എം.എൽ.എ വ്യക്തമാക്കി.
കേസിൽ പുനരന്വേഷണമല്ല അപ്പീൽ നൽകുകയാണ് ഉചിതമെന്നും വാഴൂർ സോമൻ പറഞ്ഞു. പോസ്റ്റ്മോർട്ടം നടത്തേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും അക്കാര്യമുന്നയിച്ചത് പ്രതിയായിരുന്നെന്നുമായിരുന്നു കുട്ടിയുടെ പിതാവിൻ്റെ വെളിപ്പെടുത്തൽ. അതേസമയം അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നും നൂറ് ശതമാനവും അര്ജുന് തന്നെയാണ് പ്രതിയെന്നും കേസന്വേഷിച്ച വണ്ടിപ്പെരിയാര്‍ സി.ഐയായിരുന്ന ടി.ഡി സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടി കൊല്ലപ്പെട്ടതാണെന്നും ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചെങ്കിലും ഈ കൃത്യംചെയ്തത് അര്‍ജുനാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി പ്രതിയെ വെറുതേവിട്ടത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി പ്രതിയെ വെറുതേവിട്ടുള്ള ഉത്തരവില്‍ കോടതി പറഞ്ഞിരുന്നു.