പത്തനംതിട്ട : ഇടതുപക്ഷ സർക്കാർ കേരളത്തിലെ ജനങ്ങളോട് എന്ത് തെറ്റാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കാത്തതിനെ വിമർശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്ര സർക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ യുഡിഎഫിനോട് പിന്തുണ തേടിയിരുന്നു. സംസ്ഥാനത്തിനുവേണ്ടി ഒന്നിച്ചു നിൽക്കാനാണ് ആവശ്യപ്പെട്ടത്. എന്നാൽ നിങ്ങളുമായി ഒരു സഹകരണവുമില്ല എന്നാണ് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചത്. ഇങ്ങനെ പറയാൻ മാത്രം എന്ത് തെറ്റാണ് ഞങ്ങൾ ഈ നാടിനോട് ചെയ്തത്.- നവകേരള സദസ്സിന്റെ ഭാഗമായി തിരുവല്ലയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന്റെ പ്രശ്നങ്ങൾ പാർലമെന്റിൽ ഉയരുന്നില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. കേരളത്തിൽ നിന്നുള്ള 20 എംപിമാരിൽ 18 പേരും യുഡിഎഫിന്റേതാണ്. എന്നാൽ കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പാർലമന്റിൽ എത്തിക്കാൻ ഇവർ ശ്രമിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സംസ്ഥാനത്ത് ഒരു നിലയിലുമുള്ള സാമ്പത്തിക പ്രശ്നവും ഉണ്ടാകുമായിരുന്നില്ല. കേരളത്തിന്റെ ആഭ്യന്തര വളര്‍ച്ചാ നിരക്കില്‍ കാര്യമായ മുന്നേറ്റമുണ്ടായി.എന്നാൽ കേരളം ചെലവിട്ട പണം കേന്ദ്രം തരുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.