കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. കേസിലെ പ്രതികളായ ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാറിനെയും മുന്‍ മാനേജര്‍ ബിജു കരീമിനെയും ഇഡി മാപ്പുസാക്ഷികളാക്കി. 55 പേരുടെ പ്രതിപ്പട്ടികയില്‍ 33, 34 പ്രതികളാണ് ഇവര്‍.
ബാങ്കില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് വിശദമായി അറിയാവുന്ന രണ്ട് പേരെയാണ് ഇഡി മാപ്പുസാക്ഷികളാക്കിയത്. തങ്ങള്‍ സ്വമേധയാ മാപ്പുസാക്ഷിയാകാന്‍ തയാറാണെന്ന് കാട്ടി ഇരുവരും കൊച്ചി പിഎംഎല്‍എ കോടതിയില്‍ അപേക്ഷ നല്കി.കേസുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കറിയാവുന്ന മുഴുവന്‍ വിവരങ്ങളും ചേര്‍ത്ത് ഇവര്‍ വിശദമായ സത്യവാംഗ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചു. അപേക്ഷ പരിശോധിച്ച ശേഷം ഇത് അംഗീകരിക്കണോ എന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കും.
കരുവന്നൂര്‍ ബാങ്കില്‍നിന്ന് അനധികൃതമായി വായ്പ അനുവദിച്ചത് സിപിഎമ്മിന്റെ നിര്‍ദേശപ്രകാരമാണെന്ന് നേരത്തേ സുനില്‍കുമാറും ബിജു കരീമുംമൊഴി നല്‍കിയിരുന്നു. ബിജു കരീം 12 കോടി രൂപ അനധികൃതമായി കൈക്കലാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മാപ്പുസാക്ഷിയാകാന്‍ തയാറാണെന്ന് കാട്ടി ഇവര്‍ കോടതിയെ സമീപിച്ചത്.