ആലപ്പുഴ: ആലപ്പുഴയില്‍ നവകേരള ബസിന് നേരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരെ മര്‍ദിച്ചവരിൽ മുഖ്യമന്ത്രിയുടെ ഗണ്മാന് അനിലും. ഇയാള്‍ പ്രതിഷേധക്കാരുടെ തലയ്ക്ക് ലാത്തികൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഗണ്മാന് പ്രതിഷേധക്കാരെ നേരിട്ടത് ചട്ടവിരുദ്ധമാണെന്ന് ആക്ഷേപമുണ്ട്.
സ്പെഷല്‍ ബ്രാഞ്ചുമായി കൂടിയാലോചിച്ച് മുഖ്യമന്ത്രിയുടെ യാത്ര കോര്‍ഡിനേറ്റ് ചെയ്യുകയാണ് ഗണ്‍മാന്റെ ചുമതല. ക്രമസമാധാനമോ മുഖ്യമന്ത്രിയുടെ സുരക്ഷയോ ഗണ്‍മാന്റെ ജോലിയല്ലെന്നിരിക്കെ പ്രതിഷേധക്കാരെ വളഞ്ഞിട്ട് മര്‍ദിച്ചതിനെതിരേ പ്രതിപക്ഷവും രംഗത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് നാലിന് ആലപ്പുഴയിലെ ഹോട്ടലില്‍നിന്ന് അമ്പലപ്പുഴയിലെ നവകേരള വേദിയിലക്ക് പോകുമ്പോഴാണ് മുഖ്യമന്ത്രിക്ക് നേരേ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ കയറി പ്രതിഷേധക്കാർ തടസം സൃഷ്ടിച്ചതോടെ കമാൻഡോ സംഘം ലാത്തിവീശുകയായിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ഗൺമാനും പ്രതിഷേധക്കാരെ തല്ലിച്ചതച്ചത്. ഗണ്‍മാന്റെ നടപടി പോലീസും പരിശോധിക്കുന്നുണ്ട്. ഔദ്യോഗികതലത്തില്‍ ചട്ടവിരുദ്ധമായ നടപടിയാണുണ്ടായതെന്നാണ് പോലീസിന്റെ വിലയിരുത്തൽ.