തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അംഗങ്ങൾ നടത്തിയ സമാന്തര യോഗത്തിൽ കുക്കു പരമേശ്വരൻ പങ്കെടുത്തില്ലെന്ന ചെയർമാൻ രഞ്ജിത്തിന്റെ വാദം പൊളിയുന്നു. കുക്കുവും സോഹൻ സീനു ലാലും യോഗത്തിൽ ഓൺലൈനായി പങ്കെടുത്തതായി തെളിവുകൾ പുറത്ത്. സമാന്തരയോഗത്തിന്റെ മിനുട്സ് പുറത്തുവന്നു. രഞ്ജിത്തിനെ നീക്കണമെന്ന് ആവശ്യപ്പെട്ട യോഗത്തിന്റെ മിനുട്സ് അക്കാദമി സെക്രട്ടറിക്കും കൈമാറിയതായാണു വിവരം.
ഒരു സമാന്തരയോഗവും നടന്നിട്ടില്ലെന്നാണ് രഞ്ജിത്ത് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. നടന്നുവെന്നു പറഞ്ഞു പുറത്തുവരുന്ന പേരുകളിൽ മൂന്നുപേർ അക്കാദമിയിൽ ബന്ധപ്പെട്ട് സെക്രട്ടറിയോട് സംസാരിച്ചിരുന്നു. കുക്കു പരമേശ്വരൻ, സോഹൻ സീനു ലാൽ, സിബു കെ തോമസ് എന്നിവരാണ് അവർ. ഇങ്ങനെയൊരു യോഗം നടന്നിട്ടില്ല. ഓൺലൈനിലും തങ്ങൾ പങ്കെടുത്തിട്ടില്ല. അക്കാദമിക്കും ചെയർമാനുമെതിരെ ഒരു നീക്കത്തിനും തങ്ങളുണ്ടാകില്ലെന്നും ഇവർ വ്യക്തമാക്കിയതാണെന്നും രഞ്ജിത്ത് അവകാശപ്പെട്ടിരുന്നു. 1984 തൊട്ട് തന്റെ സുഹൃത്താണ് കുക്കു. ഇത്തവണ സജീവമായി അവർ തന്റെ കൂടെയുണ്ടായിരുന്നുവെന്നും അവർക്ക് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു.
എന്നാൽ, ഈ വാദങ്ങളെല്ലാം പൊളിക്കുന്ന തരത്തിലുള്ള വിവരങ്ങളാണു പുറത്തുവരുന്നത്. അക്കാദമിയുടെ 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽനിന്ന് ഒൻപതുപേർ സമാന്തര യോഗത്തിൽ പങ്കെടുത്തതായി വ്യക്തമാക്കുന്ന മിനുട്സ് പുറത്തുവന്നിട്ടുണ്ട്. കുക്കുവും സോഹനും ഓൺലൈനായാണു പങ്കെടുത്തതെന്നും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കുക്കു പരമേശ്വരനെ അപമാനിച്ച താൽക്കാലിക ജീവനക്കാരിക്കെതിരെ നടപടി വേണമെന്ന് യോഗത്തിൽ ആവശ്യമുയരുകയും ചെയ്തതായാണു പുറത്തുവരുന്ന വിവരം.
രഞ്ജിത്തിന്റെ പ്രവർത്തനങ്ങൾ മാടമ്പി സ്വഭാവത്തിലുള്ളതാണ്. ഇതിനെതിരെ നടപടി വേണമെന്നും യോഗത്തിൽ ആവശ്യമുയർന്നിട്ടുണ്ട്. രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യമുയർന്നു. അക്കാദമിക്കും സർക്കാരിനും അവമതിപ്പ് ഉണ്ടാക്കുന്ന നിലയിലുള്ള അഭിപ്രായപ്രകടനങ്ങളും പ്രസ്താവനകളും പ്രവൃത്തികളുമാണ് ചെയർമാൻ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ ഒന്നുകിൽ തിരുത്തണം. അല്ലെങ്കിൽ തൽസ്ഥാനത്തുനിന്ന് നീക്കണമെന്നാണ് മിനുട്സിൽ ആവശ്യപ്പെടുന്നത്.