ഒന്നാമനാര് എന്ന ചോദ്യത്തിന് ഇടംകൊടുക്കാതെ റേറ്റിംഗ് കണക്കുകളില്‍ കുത്തക നിലനിര്‍ത്തി ഏഷ്യാനെറ്റ് ന്യൂസ്. കാലങ്ങളായി മലയാള വാര്‍ത്താ ചാനലുകള്‍ക്കിടയിലെ ജനകീയതയില്‍ ഒട്ടും പിറകോട്ടില്ലാത്ത പ്രയാണമാണ് ഏഷ്യാനെറ്റ് ന്യൂസ് കാഴ്ചവയ്ക്കുന്നത്. 49 ആഴ്ചയിലെ ന്യൂസ് ചാനല്‍ റേറ്റിംഗിൽ 139.01 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. പോയിന്റ് നിരയില്‍ 4.54 വര്‍ദ്ധനയാണ് ഏഷ്യാനെറ്റ് ന്യൂസിന് ഉണ്ടായിട്ടുള്ളത്.
റേറ്റിംഗ് യുഗം ആരംഭിച്ച ശേഷം ഇതുവരെ മലയാളത്തിലെ ആദ്യ വാര്‍ത്ത ചാനലായ ഏഷ്യാനെറ്റിന്റെ പ്രേക്ഷക പ്രീതിയിലെ അപ്രമാദിത്യത്തിന് ഇളക്കം വന്നിട്ടില്ല. ന്യൂസ് ചാനല്‍ ബാര്‍ക്ക് റേറ്റിംഗിൽ 101.07 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ളത് 24 ന്യൂസാണ്. പോയിന്റ് നിരയില്‍ ഒന്നാം സ്ഥാനത്ത് എത്താനുള്ള 24 ന്യൂസിന്റെ പരിശ്രമം ഇതുവരെ ഫലം കണ്ടിട്ടില്ല.
72.20 പോയിന്റുമായി മനോരമ ന്യൂസാണ് മൂന്നാം സ്ഥാനത്തുള്ളത്. 62.11 പോയിന്റുമായി നാലാം സ്ഥാനത്തുള്ളത് മാതൃഭൂമി ന്യൂസാണ്. മൂന്നാം സ്ഥാനത്ത് എത്താന്‍ മാതൃഭൂമി ശക്തമായ മത്സരമാണ് കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി റിപ്പോര്‍ട്ടര്‍ ടി വി അഞ്ചാം സ്ഥാനത്ത് തുടരുമ്പോള്‍ 32.57 പോയിന്റാണ് ഈ ആഴ്ചയില്‍ ചാനലിന് ലഭിച്ചത്. തുടര്‍ നിരയിലുള്ള വാര്‍ത്താ ചാനലുകള്‍ക്ക് കാര്യമായ ചലനങ്ങളൊന്നും ഈ ആഴ്ചയിലും കാഴ്ചവയ്ക്കാനായില്ല. 29.80 പോയിന്റുമായി ആറാം സ്ഥാനത്തുള്ളത് കൈരളി ന്യൂസാണ്. 26.06 പോയിന്റുമായി ഏഴാം സ്ഥാനത്തുള്ളത് ജനം ടി വി. കുറച്ച് ആഴ്ചകളായി മീഡിയ വണ്‍ കാര്യമായ അനക്കമില്ലാതെ 25.25 പോയിന്റുമായി എട്ടാം സ്ഥാനത്ത് തുടരുന്നു. 18.40 പോയിന്റുമായി ഒന്‍പതാം സ്ഥാനത്ത് ന്യൂസ് 18 കേരളയും, 0.22 പോയിന്റുമായി രാജ് ന്യൂസ് മലയാളം പത്താം സ്ഥാനത്തുമാണ് ഉള്ളത്.
അടുത്തിടെ മലയാളം ന്യൂസ് ചാനലുകളുടെ പ്രേക്ഷകരുടെ എണ്ണത്തില്‍ കുത്തനെ ഇടിവ് ഉണ്ടായിട്ടുണ്ട്. നേരത്തെ 150നും 200 പോയിന്റുകള്‍ക്കും ഇടയിലായിരുന്നു മലയാളം ന്യൂസ് ചാനലുകളുടെ സ്ഥാനം. കഴിഞ്ഞ ഒന്‍പത് മാസമായി 150 പോയിന്റുകള്‍ക്ക് താഴെയാണ് ന്യൂസ് ചാനലുകളുടെ സ്ഥാനം. ന്യൂസ് ചാനലുകള്‍ ആകപ്പാടെ വെല്ലുവിളി നേരിടുമ്പോഴും ഏതു പ്രതികൂല സാഹചര്യത്തിലും വാര്‍ത്തകളുടെ നിജ സ്ഥിതിക്കായി പ്രേക്ഷകര്‍ പ്രഥമ പരിഗണന നല്‍കുന്നത് ഏഷ്യാനെറ്റ് ന്യൂസിനാണെന്നാണ് കണക്കുകള്‍ വെളിപെടുത്തുന്നത്.