ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കൂട്ടണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനെ കണ്ടു. എല്ലാ യുഡിഎഫ് എംപിമാരും ഒപ്പിട്ട നിവേദനം മന്ത്രിക്ക് കൈമാറി. ധനപ്രതിസന്ധി പരിഹരിക്കാന്‍ കേരളത്തിന് പ്രത്യേക ഇളവുകളോട് കൂടിയ ആനുകൂല്യങ്ങള്‍ നല്കാന് കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് എംപിമാർ ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി സുസ്ഥിരമാകുന്നതുവരെ കടമെടുപ്പ് പരിധി ഒരു ശതമാനം കൂട്ടണം.ജനസംഖ്യാ നിയന്ത്രണവും മെച്ചപ്പെട്ട മാനവിക വികസന സൂചികയുമുള്ള കേരളത്തെ അവഗണിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും നിവേദനത്തില്‍ പറയുന്നു. കേന്ദ്രം സഹായം നല്‍കുന്നില്ലെന്ന കേരളത്തിന്റെ പരാതിയില്‍ വ്യക്തത വരുത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാനം നടത്തുന്ന നീക്കങ്ങളോട് യുഡിഎഫ് എംപിമാര്‍ സഹകരിക്കുന്നില്ലെന്ന് ധനമന്ത്രി ബാലഗോപാല്‍ ഉള്‍പ്പെടെ പല തവണ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് യുഡിഎഫ് എംപിമാരുടെ നിര്‍ണായ നീക്കം.