ഇടുക്കി: വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ പോസ്റ്റ് മോർട്ടം വേണ്ടെന്ന് പറഞ്ഞത് വീട്ടുകാരുടെ നിർദേശപ്രകാരമെന്ന് പീരുമേട് എം.എൽ.എ വാഴൂർ സോമൻ. കാര്യങ്ങൾ അറിയാതെ പ്രസ്താവം നടത്തുന്ന കോൺഗ്രസുകാരോട് പുച്ഛമാണ് തോന്നുന്നത്. കേസിൽ പൊലീസിന്റെ ഭാഗത്തു നിന്നും കൃത്യമായ അന്വേഷണം നടന്നിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.
‘ചെറിയ കുട്ടികൾ മരിച്ചാൽ പോസ്റ്റ് മോർട്ടം നടത്തുന്നതിനോട് താൽപര്യമില്ലാത്തവരാണ് ഇവിടെയുള്ളവർ. ഇതൊരു അപകടമരണമായിരിക്കുമെന്നാണ് മാതാപിതാക്കൾ ആദ്യം ചിന്തിച്ചത്. പോസ്റ്റ് മോർട്ടം ഇല്ലാതെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാമോ എന്ന് മാതാപിതാക്കൾ എന്നോട് ചോദിച്ചിരുന്നു. ഞാനാ അഭിപ്രായം പൊലീസുമായി പങ്കുവെച്ചപ്പോഴാണ് മരണത്തിൽ സംശയമുണ്ടെന്നും പോസ്റ്റ് മോർട്ടം നടത്തണമെന്നും പറയുന്നത്. പൊലീസ് പറഞ്ഞതിനോട് പൂർണമായും അംഗീകരിക്കുകയും ചെയ്തു.’.. വാഴൂർ സോമൻ പറഞ്ഞു.കാര്യമറിയാതെ പ്രസ്താവനകള്‍ നടത്തുന്ന കോണ്‍ഗ്രസുകാരോട് പരമ പുച്ഛമാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വണ്ടിപ്പെരിയാർ ബലാത്സംഗക്കേസിൽ വിധി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെടുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ: സുനിൽ മഹേശ്വരൻപിള്ള പറഞ്ഞു.