ന്യൂഡല്‍ഹി: മരിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് വനിതാ ജഡ്ജിയുടെ കത്ത്. യുപിയിലെ ബന്ഡയില്നിന്നുള്ള വനിതാ ജഡ്ജിയാണ് ജില്ലാ ജഡ്ജിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചുകൊണ്ട് കത്തയച്ചത്. സംഭവത്തില്‍ അലഹബാദ് ഹൈക്കോടതിയോട് ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് റിപ്പോര്‍ട്ട് തേടി. എത്രയും വേഗം മറുപടി നൽകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
ജില്ല ജഡ്ജിയും കൂട്ടാളികളും ചേര്‍ന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വനിതാ ജഡ്ജിയുടെ പരാതി. 2023 ജൂലൈയില്‍ ഹൈക്കോടതിയുടെ ആഭ്യന്തര സമിതിക്ക് പരാതി നല്‍കിയെങ്കിലും ഫലപ്രദമായ അന്വേഷണം ഉണ്ടായില്ലെന്നും കത്തില്‍ പറയുന്നു. താന്‍ ജുഡീഷ്യല്‍ സര്‍വീസില്‍ ചേര്‍ന്നത് സാധാരണക്കാരായ ജനങ്ങള്‍ക്ക് നീതി നടത്തിക്കൊടുക്കാൻ വേണ്ടിയാണ്. എന്നാല്‍ തനിക്ക് പോലും നീതി ലഭിക്കാത്ത സംവിധാനമാണുള്ളത്.
ജില്ല ജഡ്ജി തന്നെ അധിക്ഷേപിക്കുന്നത് തുടരുകയാണ്. രാത്രിയില്‍ മുറിയില്‍ എത്തണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണ്. തന്റെ കരിയര്‍ നശിപ്പിക്കാനും ജഡ്ജി ശ്രമിക്കുകയാണെന്നും കത്തില്‍ ആരോപണമുണ്ട്. ഇന്ന് രാവിലെ 11നുള്ളില്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കണമെന്നും ഇല്ലെങ്കില്‍ തന്നെ മരിക്കാന്‍ അനുവദിക്കണമെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിച്ചിട്ടുള്ളത്.