റായ്പൂര്‍ : ഛത്തീസ് ഗഡ് മുഖ്യമന്ത്രിയായി ബിജെപിയിലെ വിഷ്ണുദേവ് സായി സത്യപ്രതിജ്ഞ ചെയ്തു. റായ്പൂരില്‍ നടന്ന ചടങ്ങില്‍ അരുണ്‍ സാവോ, വിജയ് ശര്‍മ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിചന്ദന് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ, ഛത്തീസ് ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു.
മുന്‍ മുഖ്യമന്ത്രി ഡോ. രമണ്‍ സിങ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ തഴഞ്ഞാണ് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിഷ്ണുദേവ് സായി ബിജെപി നിയമസഭാകക്ഷിയോഗം തീരുമാനിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ജാതിസമവാക്യങ്ങള്‍ കണക്കിലെടുത്താണ് ഒബിസി, ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ട ഓരോ നേതാക്കളെ ഉപമുഖ്യമന്ത്രിയായും തെരഞ്ഞെടുത്തത്.