കൊച്ചി : ശബരിമലയില്‍ നടക്കുന്നത് നഗ്നമായ മനുഷ്യാവകാശ ധ്വംസനമാണെ് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്. മുഖ്യമന്ത്രിയും ദേവസ്വം ബോര്‍ഡും ഭക്തരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. നരകയാതന അനുഭവിക്കുന്ന അയ്യപ്പഭക്തരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും മനുഷ്യാവകാശ കമ്മീഷനും വനിതാ, ബാലാവകാശ കമ്മീഷനുകളും അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ശബരിമലയില്‍ വരിക എന്നത് ഭക്തന്റെ ഭരണഘടനാദത്തമായ അവകാശമാണ്. ഭക്തന് കുടിവെളളം, ആഹാരം, താമസം, ചികിത്സ, ഗതാഗതം, ശൗചാലയം തുടങ്ങിയ അടിസ്ഥാന സൗകര്യം ഒരുക്കുക എന്നത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തവുമാണ്. ഇതൊന്നും ചെയ്യാതെ ഭക്തര്‍ കൂടുതലായി എത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും പ്രസ്താവനകള്‍ അടിസ്ഥാനരഹിതമാണ്. എല്ലാകാലത്തും സ്ത്രീകളും കുട്ടികളും ശബരിമലയില്‍ എത്താറുണ്ട്. എല്ലാവര്‍ഷവും 30ശതമാനം അധികം ഭക്തര്‍ എത്തുമെന്നത് എല്ലാവര്ക്കും അറിയാവുന്നുള്ള കാര്യവുമാണ്. എന്നിട്ടും മണ്ഡലകാലത്ത് മാത്രം അവലോകനയോഗം ചേരുകയും നട അടയ്ക്കുമ്പോള്‍ അവലേകനം അവസാനിപ്പിക്കുകയും ചെയ്യുന്നതാണ് സര്‍ക്കാരിന്റെ രീതി. സര്‍ക്കാരിന് അയ്യപ്പന്മാരുടെ പോക്കറ്റിലെ കാശുമതി. വിവിധ വകുപ്പുകള്‍ ശബരിമലയെ കറവപ്പശുവായാണ് കാണുന്നത്. കെഎസ്ഇബിയും വാട്ടര്‍ അതോറിറ്റിയും കെഎസ്ആര്‍ടിസിയുമെല്ലാം അയ്യപ്പന്കോള് എന്നാണ് കൊള്ളയെ വിശേഷിപ്പിക്കുന്നത്.
ശബരിമലയിലെ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ധര്‍മ്മശാലകളാണ് വേണ്ടത്. പക്ഷെ നിരവധി സന്നദ്ധ സംഘടനകള്‍ ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തിരുന്നത് സര്‍ക്കാര്‍ നിര്‍ത്തലാക്കി. പകരം ശബരിലയെ ടൂറിസം കേന്ദ്രമാക്കി മാറ്റാണ് സര്‍ക്കാരിന്റെ നീക്കം. ഒരു തീര്‍ത്ഥാടനകാലയളവില്‍ സംസ്ഥാന സര്‍ക്കാരിന് പതിനായിരം കോടിയോളം രൂപയുടെ നികുതിവരുമാനം ഉണ്ടാകുമെന്നാണ് ഏകദേശകണക്ക്. അതിന്റെ ഒരംശംപോലും ശബരിമലയില്‍ ചെലവാക്കുന്നില്ല. ആള്‍ത്തിരക്ക് നിയന്ത്രിക്കലല്ല, മാനേജ് ചെയ്യുകയാണ് വേണ്ടത്. അതിന് പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരും ഇച്ഛാശക്തിയുള്ള ഭരണ സംവിധാനവും ഉണ്ടാകണം.
1999ലെ ഹില്‍ടോപ്പ് ദുരന്തം അന്വേഷിച്ച ചന്ദ്രശേഖരമേനോന് കമ്മീഷനും 2011 ലെ പുല്‍മേട് ദുരന്തം അന്വേഷിച്ച ഹരിഹരന് നായര്‍ കമ്മീഷനും നല്കിയ റിപ്പോര്‍ട്ടിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. ശബരിമലയിലെ സുരക്ഷ സംബന്ധിച്ചുള്ള മാസ്റ്റര്‍ പ്ലാനും കോടതി വിധികളും എവിടെയെന്നും സര്‍ക്കാര്‍ മറുപടി പറയണം. ശബരിലയില്‍ 110 ഏക്കര്‍ഭൂമി അഡ്വക്കേറ്റ് കമ്മീഷന് അളന്ന് തിട്ടപ്പെടുത്തി നല്‍കിയിട്ടുണ്ട്. അതില്‍ 60 ഏക്കര്‍ മാത്രമാണ് ഉപയോഗിക്കുന്നത്. പമ്പയില്‍ അമ്പതേക്കറോളം വെറുതെ കിടക്കുന്നു. നിലക്കല്‍ നിന്നും സമാന്തരപാതയിലൂടെ പമ്പയില്‍ അയ്യപ്പന്മാര്‍ക്കെത്താന്‍ കഴിയും. 20 വര്‍ഷമായി ശ്രമിച്ചിട്ടും പാത സഞ്ചാരയോഗ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇതെല്ലാം കൃത്യമായി ഉപയോഗിച്ചാല്‍ തന്നെ ഭക്തര്‍ക്ക് നിഷ്പ്രയാസം അടിസ്ഥാന സൗകര്യം ഒരുക്കാം. ക്രമീകരണ പ്രവര്‍ത്തനങ്ങളുടെ എസ്ഒപി , സെക്യൂരിറ്റിമാനുവല്‍ തുടങ്ങിയവയൊന്നും ഫലത്തിലില്ല. ഇപ്പോള്‍ സന്നിധാനത്ത് എത്തിയാല്‍ നെയ്തേങ്ങ ഉടച്ച് നെയ്യ് അഭിഷേകത്തിന് നല്‍കാനുള്ള സൗകര്യംപോലും ഭക്തന് ലഭിക്കുന്നില്ല. നാമജപം പാടില്ലെന്ന് ഉത്തരവിറക്കിയ ദേവസ്വംബോര്‍ഡ് എന്തുകൊണ്ട് ഇക്കാര്യങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. നിയന്ത്രണങ്ങള്‍ ഭക്തരുടെമേല്‍ അടിച്ചേല്‍പ്പിക്കുകയല്ല, ഭക്തജന കൂട്ടായ്മകളുമായി കൂടിയാലോചിച്ച് സമവായത്തിലൂടെ നടപ്പിലാക്കുകയാണ് വേണ്ടതെന്നും അതിന് സര്‍ക്കാര്‍ തയ്യാറകാണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.