ന്യൂഡല്‍ഹി : കക്ഷികള്‍ തമ്മിലുള്ള ആര്ബിട്രേഷന് കരാറുകളില്‍ സ്റ്റാമ്പ് ചെയ്തില്ലെങ്കിലും കുറഞ്ഞ എണ്ണമാണെങ്കിലും നിയമപരമായ സാധുതയുണ്ടെന്ന് സുപ്രീംകോടതി. ഒരു കരാറില്‍ സ്റ്റാമ്പ് ചെയ്യാത്തത് അപര്യാപ്തമായ രേഖയായി കണക്കാക്കാനാവില്ലെന്നും അത് പരിഹരിക്കാവുന്ന പ്രശ്നമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. സ്റ്റാമ്പ് ചെയ്യാത്ത ആര്ബിട്രേഷന്( മധ്യസ്ഥ)കരാറുകള്‍ നിയമപരമായി നടപ്പിലാക്കേണ്ടതില്ലെന്ന അഞ്ചംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിച്ചുകൊണ്ടാണ് സുപ്രീംകോടതി പുതിയ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ഏപ്രില്‍ 25ന് അഞ്ചംഗ ബെഞ്ചിന്റെ 3-2 ഭൂരിപക്ഷ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. സ്റ്റാമ്പ് ചെയ്യാത്ത ആര്ബിട്രേഷന് കരാറുകളെ കരാറായി കാണാനാവില്ലെന്നായിരുന്നു വിധി. ഈ വിധിയാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.
കരാര്‍ സ്റ്റാമ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഏത് തരത്തിലുള്ള വിഷയങ്ങളും ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ പരിധിയില്‍ വരുമെന്നും കോടതി വ്യക്തമാക്കി. വിധി പറയുന്നതിന് മുമ്പ് ഡാരിയസ് ഖംബത, ശ്യാം ദിവാന് എന്നിവരുള്‍പ്പെടെയുള്ള വിവിധ മുതിര്‍ന്ന അഭിഭാഷകരുടെ വാദങ്ങള്‍ കേട്ടതിന് ശേഷമാണ് ഏ്ഴംഗ ബെഞ്ചിന്റെ വിധി പ്രസ്താവം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, ബി ആര് ഗവായ്, സൂര്യകാന്ത്, ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവര്‍ ഏകകണ്ഠേന വിധി പ്രസ്താവിച്ചപ്പോള്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന പ്രത്യേകം വിധിയാണ് എഴുതിയിരിക്കുന്നത്.
സെപ്തംബര്‍ 26 ന്, മുദ്രയില്ലാത്ത ആര്ബിട്രേഷന് കരാറുകള്‍ നിയമപരമായി നടപ്പിലാക്കാന്‍ കഴിയില്ലെന്ന അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയുടെ ശരിയാണോ എന്ന് പുനഃപരിശോധിക്കുന്നതിനായി സുപ്രീം കോടതി ഏഴംഗ ബെഞ്ചിന് റഫര്‍ ചെയ്യുകയായിരുന്നു. കരാര്‍ നിയമത്തിലെ രണ്ടാം (ജി) വകുപ്പു പ്രകാരം ഇത് നിയമപരമായി നടപ്പിലാക്കാന്‍ കഴിയില്ലെന്നായിരുന്നു അഞ്ചംഗ ബെഞ്ച് നിരീക്ഷിച്ചത്. ജൂലൈ 18 ന്, തിരുത്തല്‍ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് തുറന്ന കോടതിയില്‍ വാദം കേട്ടതിന് ശേഷമാണ് പുതിയ വിധി പ്രസ്താവിച്ചിരിക്കുന്നത്.