ലക്നോ: പീഡനക്കേസിൽ ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ കുറ്റക്കാരനെന്ന് കോടതി. 2014ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും ബിജെപി എംഎൽഎയുമായ രാംദുലർ ഗോണ്ട് കുറ്റക്കാരനാണെന്നാണ് കോടതി വിധിച്ചത്.
ഈ മാസം 15ന് കോടതി ശിക്ഷ വിധിക്കും. നിലവിൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിലെ ദുദ്ദി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഗോണ്ട്.2014 നവംബർ നാലിനാണ് സംഭവം നടന്നത്. പോക്സോ നിയമത്തിലെ സെക്ഷൻ 376 (ബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തലിനുള്ള ശിക്ഷ), 5 എൽ/6 എന്നിവ പ്രകാരമാണ് എംഎൽഎയ്ക്കെതിരെ കേസെടുത്തത്.
എംപി/എംഎൽഎ കോടതി അഡീഷണൽ ജില്ലാ ജഡ്ജി (ഒന്നാം) എഹ്സാൻ ഉള്ളാ ഖാൻ എംഎൽഎ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) സത്യപ്രകാശ് ത്രിപാഠി പറഞ്ഞു. പെൺകുട്ടിയുടെ സഹോദരന്റെ പരാതിയിൽ മയോർപൂർ പോലീസാണ് എംഎൽഎയ്ക്കെതിരെ കേസെടുത്തത്. സംഭവസമയം ഗോണ്ട് എംഎൽഎ ആയിരുന്നില്ല. ഇയാൾ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കേസ് എംപി-എംഎൽഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു.