പത്തനംതിട്ട: സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്ക് നിയന്ത്രണവിധേയമായി. തീർഥാടകർക്ക് ദർശനം സുഗമമായി നടത്താൻ സാധിക്കുന്നുണ്ട്. ശബരിമലയിൽ ഈ മാസം 14 മുതൽ 27 വരെ ഉള്ള വെർച്ചൽ ക്യൂ ബുക്കിംഗ് പൂർത്തിയായി.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് അധികനേരം കാത്തുനിൽക്കാതെ തന്നെ ദർശനം പൂർത്തിയാക്കി മടങ്ങാൻ തീർത്ഥാടകർക്കാകുന്നുണ്ട്. 14 മുതൽ 27 വരെ ഉള്ള വെർച്ചൽ ക്യൂ ബുക്കിംഗ് പൂർത്തിയായി. മണ്ഡല പൂജയ്ക്ക് ശേഷം നട അടയ്ക്കുന്നതിന് മുൻപായി ഇരുപത്തിയേഴാം തീയതിയും ഇന്നും മാത്രം സ്ലോട്ടുകൾ. ഇന്ന് വെർച്വൽ ക്യൂ ബുക്കിങ്ങ് 77 , 538 ആയി. ഇന്നലെ 90, 889 പേരാണ് പതിനെട്ടാം പടി കയറി.
നിലയ്ക്കലിലും സ്ഥിതി സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങി. തീർത്ഥാടകരുടെ വാഹനങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണുള്ളത്. ഇതോടെ എരുമേലി, ഇലവുങ്കൽ അടക്കമുള്ള പ്രദേശങ്ങളിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പൂർണ്ണമായി ഒഴിവാക്കി. ഗതാഗത നിയന്ത്രണത്തെ തുടർന്ന് ഇന്നലെ കിലോമീറ്ററുകളളോളം വാഹനങ്ങളുടെ ക്യു രൂപപ്പെട്ടത് തീർത്ഥാടകരെ ദുരിതത്തിലാക്കിയിരുന്നു.ഇന്നലെ ചൊവ്വാഴ്ച 88,000 ഭക്തരാണ് ദർശനം പൂർത്തിയാക്കിയത്. മണിക്കൂറിൽ 4000നു മുകളിൽ ആളുകളെ കയറ്റാൻ തുടങ്ങിയതോടെയാണ് എണ്ണം ഇത്രയും ഉയർന്നത്.
അതേസമയം മുൻ ദിവസങ്ങളിലേതിന് സമാനമായി സ്പോട്ട് ബുക്കിങ് ഉൾപ്പെടെ 1,20,000 പേരാണ് ശബരിമലയിലേക്ക് എത്തിയത്. ഇത്രയും ആളുകൾ ഒരുമിച്ച് മലകയറുന്നത് സുരക്ഷിതമല്ലെന്ന് കണക്കാക്കിയാണ് പമ്പ മുതൽ ആളുകളെ പോലീസ് നിയന്ത്രിച്ചത്. ഇന്നലെ തമിഴ്നാട് സ്വദേശിയായ തീർത്ഥാടകൻ സന്നിധാനത്ത് വെച്ച് ഹൃദയഘാതം മൂലം മരിച്ചിരുന്നു.